poll

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം പെരുമാറ്റച്ചട്ടം കർശനമായും പാലിച്ചായിരിക്കണമെന്ന് മുന്നറിയിപ്പ്. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാവുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കളക്ടർ സാംബശിവ റാവു വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലത്ത് അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രവാക്യങ്ങൾ എഴുതുന്നതിനോ മുതിരരുത്.

സർക്കാർ ഓഫീസുകളിലും കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ അനുവദിക്കില്ല. പൊതുസ്ഥലത്ത് വെക്കുന്ന പരസ്യങ്ങൾക്ക് വേണ്ടി വരുന്ന ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടും.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യബോർഡുകൾ വെച്ചും എഴുതിയും വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്തിരിക്കണം. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കും. അതിനായുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.

അച്ചടി വ്യവസ്ഥ തെറ്റിച്ചാൽ

ആറു മാസം വരെ തടവ്

തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണം. അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് പേർ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫോറത്തിലുള്ള പ്രഖ്യാപനം പ്രസ്സുടമ നൽകണം. അച്ചടിച്ച ശേഷം പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകർപ്പ് സഹിതം നിശ്ചിത ഫോറത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയക്കണം. വ്യവസ്ഥ ലംഘിക്കുകയാണെങ്കിൽ ആറു മാസം വരെ തടവുശിക്ഷയോ 2000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.