കോഴിക്കോട്: അഴിമതിക്കാരായ ഇടത്-വലത് നേതാക്കന്മാർ നടത്തുന്ന ജയിൽ യാത്ര തുടരുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും പരസ്പര സഹകരണ സംഘങ്ങളായി പ്രവർത്തിച്ച് അഴിമതി മൂടിവെക്കുന്നതാണ് കേരളത്തിലെ കീഴ്‌വഴക്കം. ബി.ജെ.പിയുടെ പ്രക്ഷോഭം ഭയന്നാണ് പിണറായി കീഴ്‌വഴക്കം തിരുത്തിയത്. വർഷങ്ങളായി കേരളം മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെയും എൻ.ഡി.എ മുന്നണിയെയും തിരിച്ചറിയാൻ ജനങ്ങൾക്ക് ലഭിച്ച അവസരമാണ്. അഴിമതിക്കെതിരെ ശബ്ദമുയർത്താൻ അർഹതയുള്ള കേരളത്തിലെ ഏകമുന്നണി എൻ.ഡി.എ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.