candidate
സുസ്മിത വിത്താരത്തും സഹോദരൻ സുമേഷും

കോഴിക്കോട്: മണക്കണ്ടി വീട് തിരഞ്ഞെടുപ്പ് വിശേഷ ചർച്ചയിൽ നിറയുന്നുണ്ട്. എന്നാൽ വീട്ടുകാർക്ക് വാഗ്വാദം വയ്യ. കാരണം മറ്റൊന്നുമല്ല, മത്സരിക്കുന്നത് സഹോദരങ്ങളാണ്.

പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലാണ് സഹോദരങ്ങളുടെ പോരാട്ടം. ഇതുവരെ ഈ വാർഡിന്റെ പ്രതിനിധിയായിരുന്ന സുസ്മിത വിത്താരത്ത് എൽ.‌ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുമ്പോൾ സഹോദരൻ സുമേഷ് ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുകയാണ്. ചേച്ചിയ്ക്കെതിരെയാണ് സുമേഷിന്റെ കന്നിയങ്കം. താമസം പതിനാറാം വാർഡിലായതിനാൽ ഇദ്ദേഹത്തിന് ഇവിടെ വോട്ടില്ല.

സുസ്മിത നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിറകെ പ്രചാരണം പൊടിപൊടിക്കുകയാണ്. ഇക്കുറി പൊരിഞ്ഞ പോര് ഉറപ്പാണെന്ന് പറഞ്ഞാണ് സുമേഷിന്റെ പ്രചാരണം. രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും കുടുംബത്തിൽ നല്ല ഐക്യത്തിലാണ് ഇരുവരും.