സുൽത്താൻ ബത്തേരി : മുൻ പഞ്ചായത്ത് പ്രസിഡന്റുമാരോട് മൽസരിക്കുന്നതിനായി ബത്തേരി നഗരസഭയിൽ ഒരാൾ. ഇടതുമുന്നണിയിലെ സി.പി.എം.സ്ഥാനാർത്ഥിയായ കെ.റഷീദാണ് ഒരു നിയോഗം പോലെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരോട് മൽസരിക്കുന്നത്.

സുൽത്താൻ ബത്തേരി നഗരസഭയിലെ ജനറൽ വാർഡായ കുപ്പാടിയിലാണ് ഇത്തവണ റഷീദ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ ബാബു പഴുപ്പത്തൂരിനെതിരെ മൽസരിക്കുന്നത്.
2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ആദ്യമായി റഷീദ് മൽസരിക്കാനിറങ്ങുന്നത്. കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോർജിനെതിരെയായിരുന്നു കന്നി അങ്കം. യു.ഡി.എഫിന്റെ തട്ടകത്തിൽ കോൺഗ്രസിന്റെ അറിയപ്പെടുന്ന നേതാവുകൂടിയായ ഒ.എംജോർജിനെ 186 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. ജനറൽ സീറ്റായ കുപ്പാടിയിൽ യു.ഡി.എഫിൽ നിന്ന് ആറ് ആളുകളുടെ പേരാണ് ഉണ്ടായിരുന്നത്. പാർട്ടി നേതൃത്വം ഇടപെട്ട് നാല് പേരെ ഒഴിവാക്കി. അവശേഷിച്ച രണ്ട് പേരിൽ ഒരാൾ യൂത്ത് കോൺഗ്രസ് നേതാവും മറ്റെയാൾ കോൺഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റുമാണ്. അവസാനം മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പഴുപ്പത്തൂരിന് നറുക്ക് വീണു. ഇതോടെ വീണ്ടും റഷീദിന് ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മൽസരിക്കാൻ യോഗം തെളിഞ്ഞു.

കുപ്പാടി സ്വദേശിയായ റഷീദ് സി.പി.എം ലോക്കൽ കമ്മറ്റി അംഗമാണ്. കുപ്പാടിയിലെ ജനങ്ങളെ നന്നായി അറിയുന്ന ആൾ. കുപ്പാടിയിലെ ലൈബ്രറിയും ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബും കേന്ദ്രീകരിച്ച് പ്രവർത്തിച്ചാണ് ഇദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. പിന്നീട് കുപ്പാടിയിലെ സർക്കാർ ഹൈസ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായി. ഇപ്പോൾ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമാണ്.