മുക്കം: മുക്കം നഗരസഭയിൽ യു.ഡി.എഫിന് വെല്ലുവിളിയുയർത്തി വിമതരും. അറിയപ്പെടുന്ന നേതാക്കളും പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരും മറ്റും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരരംഗത്ത് ഇറങ്ങുകയാണ്. മുന്നണിക്ക് സ്വാധീനവും വിജയ സാദ്ധ്യതയുമുള്ള എട്ടു ഡിവിഷനുകളിൽ ഇത്തരത്തിൽ വിമതർ മത്സരത്തിനെത്തി കഴിഞ്ഞു.

തെച്ച്യാട് (2) ഡിവിഷനിൽ മുക്കം പഞ്ചായത്ത് മുൻ അംഗം സക്കീന പുഞ്ചാരത്താണ് യു.ഡി.എഫിനെതിരെ മത്സരിക്കുന്നത്. ഇവർക്ക് ഇടതുമുന്നണി പിന്തുണ നൽകുന്നുമുണ്ട്. നേരത്തെ മുക്കം പഞ്ചായത്ത് ചില കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ സ്വകാര്യ ബാറിന് അനുമതി നൽകിയപ്പോൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത് സക്കീനയായിരുന്നു.

കല്ലുരുട്ടി സൗത്ത്(3) ഡിവിഷനിൽ കഴിഞ്ഞ ഭരണ സമിതിയിലെ മുസ്ലിം ലീഗ് അംഗം സൈനബയുടെ ഭർത്താവ് ഖാലിദ് കല്ലുരുട്ടിയാണ് യു.ഡി.എഫിനെതിരെ രംഗത്തുള്ളത്. ഖാലിദിനും ഇടതു മുന്നണി പിന്തുണ നൽകുന്നു. കല്ലുരുട്ടി നോർത്തിൽ (4) മുസ്ലീം ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയും അറിയപ്പെടുന്ന നേതാവുമായിരുന്ന അബു കല്ലുരുട്ടി സ്ഥാനാർത്ഥിയാണ്‌. മൂന്നു തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാന നേത്യത്വത്തിന്റെറെ നിലപാട് തള്ളി ഒന്നാം ഡിവിഷനിൽ ഒരു പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി അടക്കം പലരും മത്സരിക്കുന്നതിലുള്ള പ്രതിഷേധം അറിയിക്കാനാന്ന് താൻ മത്സരിക്കുന്നതെന്ന് അബു കല്ലുരുട്ടി പറയുന്നു. ഇരട്ടകുളങ്ങര (30) ഡിവിഷനിൽ യൂത്ത് ലീഗ് നേതാവിനെതിരെ മറ്റൊരു നേതാവായ മജീദ് ബാബുവും മത്സര രംഗത്തു വന്നിട്ടുണ്ട്.

വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസ്സിന്റെയും പ്രധാന പ്രവർത്തകരടക്കം യു.ഡി.എഫ് വിട്ട് ജനകീയ മുന്നണി രൂപീകരിച്ച് ചേന്ദമംഗല്ലൂർ മേഖലയിലെ നാലു ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. 18,19,20,21 ഡിവിഷനുകളിലാണ് ഇവർ യു ഡി എഫ് -വെൽഫെയർ പാർട്ടി സഖ്യവുമായി ഏറ്റുമുട്ടുന്നത്. 18 ൽ റംല മൻസൂർ,19ൽ ജസീല, 20 ൽ സി.ടി. ത്വൗഫീഖ് , 21 ൽ തസ്നി നാസർ എന്നിവരാണ് ജനകീയ മുന്നണിസ്ഥാനാർത്ഥികൾ.ജനകീയ മുന്നണി ചെയർമാൻ കെ.സി മൂസ, കൺവീനർ ജാഫർ ഷരീഫ്, മറ്റു ഭാരവാഹികളായ എൻ.പി.ഷംസുദ്ദീൻ, സൈഫുദീൻ, എൻ.കെ.മനാസ് എന്നിവർക്കൊപ്പം എത്തി ഇവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.