ambadi

നീലേശ്വരം: മലയാളം സംസാരിക്കുന്നവർക്കായി കേരളം രൂപീകരിച്ച ശേഷം 1963 ലാണ് നീലേശ്വരം സംയുക്ത പഞ്ചായത്തിലേക്ക് മൂന്നാമത്തെ തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഓർമ്മയുണ്ട് പഴയകാല സി.പി.എം നേതാവ് പൊള്ളയിൽ അമ്പാടിയ്ക്ക്. പള്ളിക്കരയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണിപ്പോൾ.

മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം നിലവിൽ വന്ന നീലേശ്വരം ഒന്ന്, രണ്ട് പഞ്ചായത്തുകൾ ലയിപ്പിച്ചാണ് സംയുക്തപഞ്ചായത്ത് നിലവിൽ വന്നത്. 1963ലെ തിരഞ്ഞെടുപ്പിൽ എൻ.കെ. കുട്ടന്റെ നേതൃത്വത്തിലായിരുന്നു മത്സരത്തിനിറങ്ങിയതെന്ന് അമ്പാടി പറയുന്നു. പള്ളിക്കരയായിരുന്നു അമ്പാടിയു‌ടെ വാർഡ്.

എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ വട്ടയിൽ പുരുഷോത്തമൻ.

ഇന്നത്തെ പോലെ വാഹനങ്ങളിലൂടെയുള്ള പ്രചാരണമോ, നോട്ടീസ് വിതരണമോ തീരെ ഇല്ല. വീടുകൾ കയറിയിറങ്ങിയും കോളാമ്പി മൈക്ക് വഴിയുള്ള അഭ്യർത്ഥനയുമായിരുന്നു പ്രധാന പ്രചാരണമാർഗം. കൂടിയാൽ അഞ്ചുപേർ മാത്രമേ പ്രചാരണത്തിനുണ്ടാകു. രാത്രികാലങ്ങളിലും വാർഡിലെ മുഴുവൻ ഭാഗങ്ങളിലും പ്രചരണത്തിനായി ചുറ്റിക്കറങ്ങും. അങ്ങിനെ ഒരു ദിവസം രാത്രി പ്രചരണവുമായി ചുറ്റി നടക്കുന്നതിനിടയിൽ കോൺഗ്രസിന്റെ കോട്ടയായ പടിഞ്ഞാറ്റംകൊഴുവലിൽ വച്ച് കോൺഗ്രസുകാർ മതിലിന്റെ മുകളിൽ നിന്ന് കല്ലെറിഞ്ഞു. അംഗബലം കുറവായതിനാൽ ചെറുക്കാൻ പോലും സാധിച്ചില്ലെന്ന് അമ്പാടി കൂട്ടിച്ചേർത്തു. പ്രായമായവർ അക്കാലത്ത് വോട്ട് ചെയ്യാൻ പോയിരുന്നില്ല. ഇന്നത്തെ പോലെ വോട്ട് ചെയ്യിക്കാൻ പോളിംഗ് ബൂത്തിൽ കൊണ്ടുവരുന്ന പതിവും ഇല്ല.

പ്രസിഡന്റാകാൻ മത്സരിച്ച എൻ.കെ. കുട്ടൻ പാലായി വാർഡിൽ നിന്നാണ് ജയിച്ചതെന്ന് അമ്പാടി ഓർമ്മിക്കുന്നു. 95 വോട്ടിനാണ് വട്ടയിൽ പുരുഷോത്തമനെ താൻ തറപറ്റിച്ചതെന്നും അമ്പാടി പറഞ്ഞു.

എൻ.കെ കുട്ടൻ പ്രസിഡന്റായ ഭരണ സമിതിയാണ് നീലേശ്വരം പഞ്ചായത്ത് ഓഫീസിന് പ്രത്യേക കെട്ടിടമുണ്ടാക്കിയത്. കഴിഞ്ഞ വർഷം പൊളിച്ച നീലേശ്വരം ബസ് സ്റ്റാൻഡ് കെട്ടിടം പണിതതും അക്കാലത്തായിരുന്നു. അതിനുമുമ്പ് പേരോലിലുള്ള പഴയ ഓടുമേഞ്ഞ കെട്ടിടത്തിന് മുന്നിലായിരുന്നു നീലേശ്വരം ബസ് സ്റ്റാൻഡ്.

നീലേശ്വരം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും ദീർഘകാലം മെമ്പറുമായി അമ്പാടി പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം ജില്ല കമ്മിറ്റി അംഗമായും നീലേശ്വരം ഏരിയാസെക്രട്ടറിയായും ട്രേഡ് യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്, പള്ളിക്കര തോക്ക് കേസ് അടക്കമുള്ള വിവാദ സംഭവങ്ങൾക്ക് സാക്ഷിയായ ഈ പഴയ കമ്മ്യൂണിസ്റ്റ്.