കോഴിക്കോട്: കണ്ണൂർ സ്വദേശി ചിത്രലേഖ ഇസ്ലാം സ്വീകരിച്ചതിനെ വിവാദമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം അപലപനീയവുമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പറഞ്ഞു.

സംഘടനയുടെ പേര് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. കൊടിയ ജാതി വിവേചനത്തിനിരെ വർഷങ്ങളായി ഒറ്റയാൾ സമരമുഖത്തുള്ള വ്യക്തിയാണ് ചിത്രലേഖ. സി.പി.എം പോലുള്ള ഒരു പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പുകളോട് ആർജ്ജവത്തോടെ പൊരുതി നിൽക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ചിത്രലേഖക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്നതിന് ആരുടെയെങ്കിലും പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് കരുതുന്നില്ല.

ഇസ്ലാം സ്വീകരിക്കാനുള്ള തീരുമാനം സ്വന്തമായി എടുത്തതാണെന്നും അതിനു പിന്നിൽ മറ്റ് ഘടകങ്ങൾ ഇല്ലെന്നും ചിത്രലേഖ വ്യക്തമാക്കിയിട്ടുള്ളതാണ്. നിരന്തരമായ ജാതി പീഢനത്തിനിരയാവുന്നവർക്ക് അവർക്ക് ഇഷ്ടമുള്ള ആദർശം തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അത്തരം വിഷയങ്ങളിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ രാജ്യത്ത് ഉണ്ടാവുക സ്വാഭാവികമാണെന്നും അബ്ദുൽ സത്താർ പറഞ്ഞു.