കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ ആകെ ലഭിച്ചത് 13,260 നാമനിർദ്ദേശ പത്രികകൾ.
ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത് കോഴിക്കോട് കോർപ്പറേഷനിലാണ് ; 807.
ജില്ലാ പഞ്ചായത്തിലേക്ക് 238 പത്രികകളും ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 1147 പത്രികകളും ലഭിച്ചു.
കൊയിലാണ്ടി (238), വടകര (299), പയ്യോളി (240), രാമനാട്ടുകര (240), കൊടുവള്ളി (234), മുക്കം (269), ഫറോക്ക് (327) എന്നീ ഏഴു മുനിസിപ്പാലിറ്റികളിലേക്ക് 1847 പത്രികകളും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 9221 പത്രികളും ലഭിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുളള അവസാന തീയതി നവംബർ 23 ആണ്.
അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുടെയും അസി.റിട്ടേണിംഗ് ഓഫീസർമാരുടെയും നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടക്കുക. പത്രിക സമർപ്പണം ഇന്നലെ പൂർത്തിയായി.
ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ടുമാത്രം ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യതയില്ല. അഴിമതിയുടെ പേരിലോ മറ്റോ ഉദ്യോഗത്തിൽ നിന്നു പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും ആ തീയതി മുതൽ അഞ്ചു വർഷത്തേയ്ക്ക്
മത്സരിക്കാനാവില്ല.
കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെട്ടവർക്ക് ആറു വർഷം വരെ അയോഗ്യത നീളും. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടെന്ന കാരണത്താൽ മാത്രം അയോഗ്യത ഇല്ലാതാകുന്നില്ല. സ്റ്റേ ഉത്തരവിലെ ഉപാധികൾ പരിശോധിച്ച് വരണാധികാരി തീരുമാനം കൈക്കൊള്ളും.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം തിരഞ്ഞെടുപ്പു ചെലവ് കണക്ക് യഥാസമയം സമർപ്പിച്ചിട്ടില്ലാത്തവർക്ക് 5 വർഷം അയോഗ്യതയുണ്ടാവും.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നു വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥാനാർത്ഥിയാവാൻ അയോഗ്യനായിരിക്കും. സർക്കാർ അഭിഭാഷകർക്ക് പുറമെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥപാനത്തിനു വേണ്ടി പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്നവർക്കും മത്സരിക്കാനാവില്ല.