kit

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് യഥാസമയം റേഷൻ കടകളിൽ എത്താതായതോടെ വിതരണം അവതാളത്തിലായി. കിറ്റിനായി രണ്ടും മൂന്നും തവണ റേഷൻ കടകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. കോഴിക്കോട് താലൂക്കിലെ പല റേഷൻ കടകളിലും വിതരണം ചെയ്യേണ്ട തീയതി കഴിഞ്ഞിട്ടും കിറ്റ് എത്തിയില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നു. സപ്ലൈകോയാണ് മുൻഗണനാക്രമം അനുസരിച്ച് കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കേണ്ടത്. എന്നാൽ വെള്ള, നീല, കാർഡുക‌ാർക്കുള്ള കിറ്റ് വിതരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒക്ടോബർ മാസത്തെ വിതരണം 20ന് അവസാനിപ്പിക്കണം എന്നാണ് റേഷൻ വ്യാപാരികൾക്ക് കിട്ടിയ നിർദ്ദേശം. എന്നാൽ കിറ്റ് ലഭിക്കാതെ എവിടുന്ന് കൊടുക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. കിറ്റ് വിതരണം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന ഉപഭോക്താക്കൾ റേഷൻ കടയിലെത്തിയാൽ വെറുംകൈയോടെ തിരിച്ചുപോകേണ്ട സ്ഥിതിയാണ്. കൊവിഡിനെ ഭയന്ന് ഏറെ പ്രയാസപ്പെട്ടാണ് കാ‌ർ‌ഡ് ഉടമകൾ റേഷൻ കടയിലെത്തുന്നത്. എന്നാൽ ഇതൊന്നും അധികൃതർ ഗൗനിക്കുന്നില്ല. കിറ്റ് വിതരണത്തിലെ താളപ്പിഴ കാരണം പലപ്പോഴും വ്യാപാരികളും ഉപഭോക്താകളും തർക്കിക്കേണ്ട ഗതികേടാണ്. റേഷൻ കടയിൽ സ്റ്റോക്ക് എത്തിയ ശേഷം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണ തീയതി അവസാനിക്കുന്ന സന്ദേശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

പ്രധാനമന്ത്രിയുടെ പി.എം.ജി.കെ.വൈ അരിയുടെ കൂടെ വിതരണം ചെയ്യേണ്ട ഗോതമ്പ്, സാധാരണ ഗോതമ്പ് എന്നിവയും ഈ മാസത്തെ വിതരണത്തിനായി പല കടകളിലും എത്തിയിട്ടില്ല. അതിനാൽ കിറ്റ് വിതരണവും റേഷൻ വിതരണവും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വരും. ഈ മാസം അവസാനം വരെ കാർഡുകൾക്ക് കിറ്റ് വാങ്ങാനുള്ള സമയം അനുവദിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.