കൽപ്പറ്റ: ശുചിത്വമിഷൻ പ്രവർത്തനങ്ങൾക്ക് ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന് ലഭിച്ചു. ലോക ശൗചാലയ ദിനത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ജലശക്തി മിഷൻ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് പുരസ്‌ക്കാരം നേടിയ വയനാടിനെ അഭിനന്ദിച്ചു. സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പദ്ധതിയിൽ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തിരഞ്ഞെടുത്ത ഇരുപത് ജില്ലകളിൽ ഒന്നായി വയനാട് മാറിയത്. വേൾഡ് ബാങ്ക് പെർഫോർമൻസ് ഇൻസെന്റീവ് ഗ്രാന്റും സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ ധനസഹായവും ഉപയോഗപ്പെടുത്തി പൊതു കക്കൂസുകൾ, ഖരമാലിന്യ സംസ്‌കരണ ഉപാധികൾ എന്നിവ സ്ഥാപിച്ചതും പ്രവർത്തന വിവരങ്ങൾ യഥാസമയം എം.ഐ.എസ് ചെയ്തതും അംഗീകാരം ലഭിക്കുന്നതിന് സഹായകരമായി.

ഗ്രാമപഞ്ചായത്തുകൾ വെളിയിട വിസർജ്ജന മുക്തമാക്കിയതും കുടിവെള്ള സ്രോതസ്സുകളുടെ ഗുണമേന്മ വർദ്ധിപ്പിച്ചതും ഖരദ്രവ മാലിന്യ സംസ്‌കരണത്തിൽ ജില്ലയിൽ 22 ഗ്രാമപഞ്ചായത്തുകളിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സ്ഥാപിച്ചതും നേട്ടത്തിനായി പരിഗണിച്ചു. ഹരിത കർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് വാർഡ് തലത്തിൽ ബോട്ടിൽ ബൂത്തുകൾ, ദ്രവ മാലിന്യ സംസ്‌കരണത്തിനായി ജില്ലയിൽ നിലവിൽ വന്ന അഴുക്ക് ജല സംസ്‌കരണ പ്ലാന്റുകളും കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലാന്റും മാലിന്യ സംസ്‌കരണത്തിന്റെ മികച്ച മാതൃകകളായി പരിഗണിച്ചു. ജില്ലയിൽ നടന്ന സ്വച്ഛ് ദർപ്പൺ, 4+1 ക്യാമ്പയിൻ, സ്വച്ഛ് സർവ്വേക്ഷൺ തുടങ്ങിയ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടത്താനായത് മികവിന്റെ മാനദണ്ഡങ്ങളിൽ ജില്ലയെ മുന്നിലെത്തിച്ചു.
വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കെ.അജിഷ്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ വി.കെ. ശ്രീലത, പ്രോഗ്രാം ഓഫീസർ കെ.അനൂപ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.എസ്. സഞ്ജയ് തുടങ്ങിയവർ പങ്കെടുത്തു.