ഫറോക്ക്: സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ബേപ്പൂർ മണ്ഡലത്തിൽ ഐ.എൻ.എല്ലിൽ​ ഭിന്നത രൂക്ഷം. നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായാണ് ഐ.എൻ.എല്ലിന്റെ ഭാഗമായി മാറിയ പഴയ എൻ.എസ്.സി രംഗത്തെത്തിയിരിക്കുന്നത്. ഐ.എൻ.എൽ നേതാക്കളിൽ ചിലരുടെ ധിക്കാരപരമായ നിലപാടിനെതിരെ ഐ.എൻ.എല്ലിൽ നിന്ന് വിട്ടു നിൽക്കാൻ ബേപ്പൂർ മണ്ഡലത്തിലെ മുൻ എൻ.എസ്.സി പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്. ഫറോക്ക് കോട്ടപ്പാടം വാർഡ് 7ൽ സ്ഥാനാർത്ഥിയായി ഐ.എൻ.എൽ മുനിസിപ്പൽ ജോ.സെക്രട്ടറി യു. അബ്ദുൽ റസാഖിനെ മത്സരിപ്പിക്കാനും മറ്റിടങ്ങളിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു.ഐ.എൻ.എൽ സ്ഥാപക നേതാക്കളിൽ ഒരാളും ലേബർ യൂനിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എയർലൈൻസ് അസീസ്, മണ്ഡലം സെക്രട്ടറി സലീം വേങ്ങാട്ട്, മൻസൂർ മൂച്ചിക്കൽ, ഇ.കെ റഷീദ്, കൗസർ സബാഹ് . റസാഖ് ഉള്ളാട്ടിൽ, രജീഷ് കെ, പ്രഭാത് കുമാർ ടി.കെ. രഘുനാഥ് ടി.ടി. നൗഷാദ് സി എന്നിവർ പ്രസംഗിച്ചു. പ്രവർത്തകരുടെ യോഗം വിളിക്കാനും തീർത്തും മതേതരമായ രീതിയിൽ എൻ.എസ്.സി പുനരുജ്ജീവിപ്പിക്കണോ, മറ്റേതെങ്കിലും മതേതര പ്രസ്ഥാനങ്ങളിൽ ചേർന്ന് പ്രവർത്തിക്കണോ ​എന്നുള്ള ​ ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും നിശ്ചയിച്ചു. പി ടി എ റഹീം​ എം.എൽ.എ നേതൃത്വം നൽകിയിരുന്ന നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ എസ് സി) - ഐ എൻ എല്ലുമായി 2 വർഷം മുമ്പ് ലയനത്തിലൂടെ ഒന്നിച്ചെങ്കിലും ഐ.എൻ.എൽ നേതൃത്വത്തിലെ ചിലരുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് പല പ്രവർത്തകരും വിട്ടു നിൽക്കുകയാണ്. തീർത്തും മതേതര പാർട്ടിയായില്ല എന്ന കാരണത്താൽ ഐ.എൻ.എല്ലിൽ ചേരാതെ മാറി നിൽക്കുന്നവരുമുണ്ട്. ഇവരുടെയെല്ലാം സംസ്ഥാന തല ഒത്തുചേരലിന് ശേഷമായിരിക്കും ഭാവി പരിപാടികൾ തീരുമാനിക്കുക.