നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട മുസ്ലിം ലീഗ് നാദാപുരം നിയോജകമണ്ഡലം സെക്രട്ടറി മണ്ടോടി ബഷീർ നേരം വെളുത്തപ്പോഴേക്കും പട്ടികയിൽ നിന്ന് പുറത്ത്!. ഇതോടെ ഇദ്ദേഹം റിബൽ സ്ഥാനാർത്ഥിയായി പന്ത്രണ്ടാം വാർഡിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പലയിടത്തും റിബൽ ഭീഷണി നേരിടുന്ന ലീഗ് നേതൃത്വത്തിന് ഇത് കൂനിന്മേൽ കുരു പോലെയായി.
മുസ്ലിം ലീഗ് നേതൃത്വം നേരത്തെ പുറത്തിറക്കിയ പട്ടികയിൽ ഒൻപതാം വാർഡിൽ മണ്ടോടി ബഷീറായിരുന്നു സ്ഥാനാർത്ഥി. ഇതനുസരിച്ച് ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങിയതാണ്. എന്നാൽ ഇന്നലെ രാവിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റിലില്ലെന്ന് ഇദ്ദേഹത്തെ ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു. അതോടെ മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞ ബഷീർ നാദാപുരം വികസന മുന്നണി രൂപീകരിച്ച് പന്ത്രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണുണ്ടായത്.
ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ എ.കെ.സുബൈറാണ്. എ.കെ.മധുസൂദനനാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി.
ബഷീർ രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്നത്. 2005 - 2010 കാലത്ത് നാദാപുരം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് അംഗമായിരുന്നു. കഴിഞ്ഞ ടേമിൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിലും മെമ്പറായി. തനിക്ക് വേണ്ടി നീക്കി വെച്ച സീറ്റ് മറ്റൊരാൾക്ക് നൽകി ലീഗ് നേതൃത്വം വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണമാണ് ബഷീറിന്റേത്.