karat-fizal

കോഴിക്കോട്: സ്ഥാനാർത്ഥിത്വം വിവാദമായതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കാരാട്ട് ഫൈസൽ അവസാനനിമിഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇടതു സ്വതന്ത്രനായല്ല, ശരിയായ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലാണ്ഇത്തവണയും ജനവിധി തേടുന്നത്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായ കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ പൊതുയോഗത്തിൽ പി.ടി.എ റഹീം എം.എൽ.എ പ്രഖ്യാപിച്ചതായിരുന്നു. ഇത് പിന്നീട് വിവാദമായതോടെ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ നേതാക്കൾ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചുണ്ടപ്പുറം ഡിവിഷനിൽ ഐ.എൻ.എല്ലിന്റെ ഒ.പി റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പൊടുന്നനെയായിരുന്നു വീണ്ടും കാരാട്ട് ഫൈസലിന്റെ രംഗപ്രവേശം. ഫൈസലിന്റെ പത്രിക സമർപ്പണസമയത്ത് ഐ.എൻ.എൽ നേതാക്കളും എത്തിയിരുന്നു.