മുക്കം: മുന്നണി സഖ്യത്തെച്ചൊല്ലി വിവാദത്തിൽ കുടുങ്ങിയ വെൽഫെയർ പാർട്ടിയുടെ പോസ്റ്ററിന്റെ പേരിലും വാക്പോര്.
സഖ്യമില്ലന്ന് ആവർത്തിച്ച് ആണയിടുന്നുണ്ടെങ്കിലും മുക്കം നഗരസഭയിൽ പരസ്യമായി യു ഡി എഫ് നേതാക്കൾക്കൊപ്പം വെൽഫെയർ പാർട്ടിക്കാർ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയതാണ് ആദ്യം വിവാദമായതെങ്കിൽ മതവൈരം വളർത്തുന്ന പോസ്റ്റർ പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് പുതിയ വിവാദം. സമൂഹമാദ്ധ്യമങ്ങളിൽ ആളിക്കത്തിയ പോസ്റ്റർ വിവാദം 18-ാം ഡിവിഷനിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി സാറ കൂടാരത്തിന്റേതുമായി ബന്ധപ്പെട്ടാണ്. ഈ പോസ്റ്ററിൽ ഇവരുടെ വലിയ പടത്തിനു മുകളിലായി പോസ്റ്ററിൽ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യമുണ്ട്. ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവ് മൗലാന മൗദൂതിയുടെ പടത്തിനൊപ്പം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ പടങ്ങളുമുണ്ട്.
സമൂഹമാദ്ധ്യമങ്ങളിൽ വൻചർച്ചയായതിനു പിറകെ, തങ്ങളുടെ പോസ്റ്ററിൽ കൃത്രിമം കാണിച്ച് പ്രചരിപ്പിക്കുകയാണെന്ന പരാതിയുമായി സ്ഥാനാർത്ഥിയും പാർട്ടി ഭാരവാഹികളും രംഗത്തുവന്നു. വ്യാജ പോസ്റ്ററും വീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി.അടക്കമുള്ളവർക്ക് പരാതി നൽകിയതായി പാർട്ടി ഭാരവാഹികൾ വ്യക്തമാക്കി. മതമൈത്രി തകർക്കുന്നതിനും വർഗീയകലാപങ്ങൾക്ക് കോപ്പുകൂട്ടുന്നതിനുമാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്ന തെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് സ്ഥാനാർത്ഥി സാറ കൂടാരം മുക്കം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പരാജയഭീതി മൂലമാണ് ഇത്തരം വ്യാജപ്രചാരണങ്ങളെന്നും പൊതുജനം ഇത് തള്ളിക്കളയണമെന്നും വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് എ.അബ്ദുൽ ഗഫൂർ, യു.ഡി.എഫ് ഇലക്‌ഷൻ കമ്മറ്റി ഭാരവാഹികളായ ചാലക്കൽ മജീദ് , കെ.പി. അഹമ്മദ് കുട്ടി എന്നിവർ അഭ്യർത്ഥിച്ചു.