congress-political-commit

സുൽത്താൻ ബത്തേരി: നാമ നിർദേശ പത്രിക സമർപ്പണം കഴിഞ്ഞതോടെ കോൺഗ്രസിൽ പാളയത്തിൽ പടയൊരുക്കം. മുതിർന്ന നേതാക്കൾ മുതൽ യുവതലമുറയിൽപ്പെട്ടവർ വരെയുണ്ട് സ്ഥാനാർത്ഥികൾക്കെതിരെ തിരിഞ്ഞവരിൽ. സ്ഥാനാർത്ഥി നിർണയത്തിലെ അസംതൃപ്തരും സീറ്റ് നിഷേധിക്കപ്പെട്ടവരുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യൂത്ത്‌ നേതാക്കളുടെയും മുതിർന്ന നേതാക്കളുടെയും പേരുകൾ മൽസരിക്കുന്നവരുടെ സാധ്യത ലിസ്റ്റിൽ വന്നിരുന്നു. പിന്നീട് ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ട് പലരുടേയും വെട്ടിമാറ്റി. ചില ബൂത്ത്, ഡിവിഷൻ കമ്മറ്റികൾ നൽകിയ പേര്‌ നേതൃത്വം പരിഗണിക്കാതെ മറ്റ് ഡിവിഷനിൽ നിന്ന് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതിലെ അമർഷമാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ തിരിയാൻ കാരണം. ചില ഡിവിഷനുകളിൽ സ്വതന്ത്ര വേഷത്തിൽ വിമതർ മൽസരിക്കുന്നതിനായി പത്രിക നൽകിയിട്ടുണ്ട്. ഈ സ്വതന്ത്രന്മാർക്ക് പിന്തുണ നൽകുന്നവരുമുണ്ട്.
സുൽത്താൻ ബത്തേരി നഗരസഭയിലെ 12 ഡിവിഷനായ കുപ്പാടിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും നിയോജക മണ്ഡലം പ്രസിഡന്റുമായ ബാബു പഴുപ്പത്തൂരിനെതിരെ കോൺഗ്രസ് പ്രവർത്തകനായ പി.കെ.ഹരിദാസ് റിബലായി പത്രിക നൽകിയിട്ടുണ്ട്. ബത്തേരി നഗരസഭയിലെ തന്നെ 27-ാം ഡിവിഷനായ കല്ലുവയലിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ സാജു പൂമലയ്ക്കെതിരെ മുൻ ഡിവിഷൻ കൗൺസിലറായ ലീല പാൽപ്പാത്താണ് റിബൽ.
ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ കോളിയാടി ഡിവിഷനിൽ നിന്ന് മൽസരിക്കുന്ന കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ എടക്കൽ മോഹനനെതിരെ കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി വി.ജെ.തോമസും ഒ.ബി.സി കോൺഗ്രസ് നെന്മേനി മണ്ഡലം ചെയർമാൻ അഷറഫ് പൈക്കാടനും പത്രിക നൽകി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അവസാന മണിക്കൂർ വരെ ലിസ്റ്റിലുണ്ടായിരുന്ന തന്നെ നേതൃത്വം വെട്ടിമാറ്റുകയായിരുന്നുവെന്ന്‌ തോമസ് പറയുന്നു.