കോഴിക്കോട്: പ്രിയ വോട്ടർമാരേ... നമ്മുടെ സ്ഥാനാർത്ഥി... നമ്മുടെ ജനനായകൻ... ഇതാ ഈ വാഹനത്തിനു പിറകെ എത്തുന്നു. നിങ്ങളുടെ ഓരോ വോട്ടും... ഘനഗംഭീര ശബ്ദത്തിൽ വോട്ട് തേടി ഇങ്ങനെ ജനങ്ങൾക്കിടയിലേക്ക് എത്തുന്ന വാഹനപ്രചാരണത്തിന്റെ കാലം കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ ദൃശ്യ ശ്രാവ്യ പ്രചാരണം നിത്യേന വാട്ട്സ് ആപ്പ് സ്റ്റാറ്റസിൽ തരാതരം നിരത്തിയും ഫേസ് ബുക്കിലുൾപ്പെടെ കുറിപ്പുകൾ ഒഴുക്കിയുമാണ് പുത്തൻ പ്രചാരണം. വോട്ടർമാരുടെ മനം കവരാനുള്ള അടവുകൾ പലതും പയറ്റുന്നുണ്ട് മുഖ്യധാരാ കക്ഷികളുടെയെല്ലാം സ്ഥാനാർത്ഥികളുടെ വാർ റൂമുകളിൽ നിന്ന്. ന്യൂജെൻ ഭടന്മാരാണ് ഇതിനു പിന്നിൽ.
നവമാദ്ധ്യമ സ്റ്റാറ്റസ് അനൗൺസ്‌മെന്റുകൾ ഇതിനകം തരംഗമായി മാറിയിരിക്കുകയാണ്. ഫേസ് ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് എന്നിവിടങ്ങളിൽ അനൗൺസ്‌മെന്റുകളുടെ പൊടിപൂരമാണ് ഓരോ ദിവസവും. മുപ്പതും നാല്പതും സെക്കൻഡ് ദൈർഘ്യമുള്ള അനൗൺസ്‌മെന്റുകളിൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കൂടുതലും. തുടർപ്രചാരണത്തിൽ പ്രകടന പത്രികയിലെ ഇനങ്ങളടക്കം നിറയുന്നു. ഈ അനൗൺസ്‌മെന്റുകൾക്കൊപ്പം പാരഡി പാട്ടുകളും ട്രോളുകളുമെല്ലാം കലാചാതുര്യത്തോടെ യഥേഷ്ടം വരുന്നുണ്ട്. അനൗൺസ്‌മെന്റുകൾക്ക് ആവശ്യക്കാർ ഏറിയതോടെ നേരത്തെ കൊവിഡ് ലോക്ക് ഡൗണിൽ നട്ടെല്ലൊടിഞ്ഞ സ്റ്റുഡിയോക്കാർക്കടക്കം ആശ്വാസമാണ്. വീഡിയോയുടെ ദൈർഘ്യത്തിനുസരിച്ചാണ് ചെലവ്. തിരഞ്ഞെടുപ്പ് പ്രചാരണ അനൗൺസ്‌മെന്റിന് ആയിരം രൂപ മുതൽ മുകളിലേക്കാണ് നിരക്ക്. നൂതന രീതിയിൽ അനൗൺസ്‌മെന്റ് തയ്യാറാക്കുന്നതിന് പുത്തൻ ഗ്രാഫിക്സുകളും ആനിമേഷനുമെല്ലാം ചേരുംപടി ഉപയോഗപ്പെടുത്തുന്നു. ഓഡിയോകൾ തയ്യാറാക്കുന്നത് മുണണി പ്രവർത്തകർ തന്നെയാണ്.
അനൗൺസ്‌മന്റെുകളിൽ പലതിനൊപ്പവും സ്ഥാനാർത്ഥികളുടെ ദൃശ്യങ്ങളും ശബ്ദവും കൂടി ഉൾപ്പെടുത്തുന്നുണ്ട്. ഇത്തരം വീഡിയോകൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരമാവധി വോട്ടർമാരിലേക്ക് എത്തിക്കുകയാണ് മുന്നണികൾ.
''സ്ഥാനാർത്ഥികളുടെ പേരും വിവരങ്ങളും മുന്നണികൾ തന്നാൽ വേറിട്ട രീതിയിൽ അനൗൺസ്‌മെന്റ് തയ്യാറാക്കാനാണ് ശ്രമം. ചില മുന്നണികൾ പാട്ടും ചിത്രങ്ങളും കൂടി എത്തിക്കുന്നുണ്ട്. അവ കൂടി ചേർത്താണ് പിന്നെ വീഡിയോ നിർമ്മാണം. കൂടുതൽ വീഡിയോയ്ക്ക് തന്നെ.
സന്തോഷ്,
സ്റ്റുഡിയോ ജീവനക്കാരൻ