abdul-majeed
എ.സി.അബ്ദുൾമജീദ്

കുറ്റ്യാടി: മലയോര മേഖലയിലെ വോളിബാൾ പ്രേമികൾക്ക് ആവേശം ചൊരിയുന്ന 'ഫാസ് " സ്ഥാപക പ്രസിഡന്റും പഴയകാല വോളിബാൾ താരവുമായ എ.സി.അബ്ദുൾ മജീദ് ഇലക്‌ഷൻ ഗോദയിൽ ഇറങ്ങിയിരിക്കുകയാണ്; തകർപ്പൻ സ്‌മാഷ് മിന്നിക്കുമെന്ന ആത്മവിശ്വാസത്തോടെ.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. കുറ്റ്യാടിയിൽ വോളിബാൾ അക്കാഡമി സ്ഥാപിക്കുകകയെന്നത് മജീദിന്റെ സ്വപ്നമാണ്.

കുറ്റ്യാടി കേന്ദ്രീകരിച്ച് 1986 ൽ രൂപീകരിച്ച ഫ്രൻഡ്സ് ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് (ഫാസ് ) മലബാറിന്റെ വോളിബാൾ ഭൂപടത്തിൽ തലയുയർത്തി നിൽക്കുകയാണ്. ഒട്ടേറെ താരങ്ങളെ വാർത്തെടുത്തിട്ടുണ്ട് ഫാസ്.

കുറ്റ്യാടി ഗവ. ഹൈസ്കൂളിലെ എസ്.എസ്.എൽ.സി കന്നിബാച്ചുകാരനായ മജീദ് സ്‌കൂൾ വോളി ടീം ക്യാപ്ടനായിരുന്നു. കായികാദ്ധ്യാപകൻ ബാലനാണ് ഇദ്ദേഹത്തിലെ താരത്തെ മിനുക്കിയെടുത്തത്. ജില്ലാ - സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. അക്കാലത്ത് കോട്ടയം പാലായിൽ നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു. 1974-ൽ സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം വോളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കായികാദ്ധ്യാപകനാവുക എന്ന ലക്ഷ്യത്തോടെ പിന്നീട് കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ ചേർന്നു.

നാട്ടിലെ കൂട്ടുകാരുമൊത്താണ് ഫാസ് കുറ്റ്യാടിയ്ക്ക് രൂപം നൽകിയത്. വൈകാതെ കേരളത്തിലെ മികച്ച വോളിബാൾ ടീമുകളുടെ നിരയിലേക്ക് ഫാസ് ഉയർന്നു. ഇന്നും വോളിബാളിനെ മാറോട് ചേർത്തു പിടിക്കുന്ന ഇദ്ദേഹത്തെ തേടി സ്ഥാനാർത്ഥിത്വം എത്തുകയായിരുന്നു.

വോളിബാൾ അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം, സംസ്ഥാന

ട്രിപ്പിൾ വോളി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം ജില്ല വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റാണിപ്പോൾ. 2008 ൽ ബംഗളൂരുവിൽ നടന്ന പതിനഞ്ചാമത് സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീമിന്റെ മാനേജരായിരുന്നു.