കുറ്റ്യാടി: ശുദ്ധജലക്ഷാമത്തിനിടയിലും കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ വാട്ടർ അതോറിറ്റി ഓഫീസിന്റെ മുൻവശത്ത് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഓവ് ചാലിലൂടെ വെള്ളം ഒഴുകി പാഴാവുകയാണ്.
കടേക്ക ചാൽ കുറ്റ്യാടി ടൗണിന്റെ ഭാഗങ്ങളിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നത് സാധാരണ കാഴ്ചയാണ്. കുറ്റ്യാടി ഹൈസ്കൂൾ റോഡ്, റിവർ റോഡ്, തൊട്ടിൽ പാലം റോഡുകളിലെ വിവിധ ഭാഗങ്ങളിൽ മണ്ണിനുള്ളിലെ പൈപ്പുകൾ പൊട്ടുന്നത് റോഡുകൾ തകരുന്നതും കുഴികൾ രൂപപ്പെടുന്നതിനും കാരണമാകുകയാണ്.
പൈപ്പുകൾ കാലപഴക്കത്തിനാൽ ദ്രവിക്കുന്നതിലാണ് ചെറിയ കാരണങ്ങൾ കൊണ്ട് തകരുന്നത്. ഇതോടെ അമിത വേഗതയിൽ പുറത്തേക്ക് പ്രവഹിക്കുന്ന വെള്ളം മേൽവശത്തെ മണ്ണ് നീക്കി ശക്തിയിൽ പുറത്തേക്ക് ഒഴുകുകയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് റോഡുകൾ തകർന്ന് കുഴികൾ രൂപപെടുന്നത്. ഇത്തരം സംഭവങ്ങളിൽ സാർക്കാറിനുള്ള നഷ്ട്ടങ്ങൾക്ക് പുറമെ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടതായും വരുന്നുണ്ട്. കുറ്റ്യാടിയിലെ ഉയർന്ന പ്രദേശങ്ങിൽ തുടർച്ചയായി കുടിവെള്ളം എത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.