കുറ്റ്യാടി: ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വീ വിൻ കൂട്ടായ്മ
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ സ്കൂൾ കലാമേള സർഗ്ഗവസന്തം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും സഹയാത്ര എന്ന പേരിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കലാപ്രകടനങ്ങളും നടത്തി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് പേരാമ്പ്ര, ഡോ.സോമൻ കടലൂർ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർഗ്ഗതിലകം, സർഗ്ഗപ്രതിഭ പുരസ്കാരങ്ങൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അഷ്‌ഹദ മിന്ന കരസ്ഥമാക്കി.