പേരാമ്പ്ര: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായമായ കിഴക്കൻ മലയോരത്തും കർഷക പ്രതിഷേധം ശക്തമാവുന്നു. കൃഷിയിടങ്ങളിലെ പന്നികളുടെ വിളയാട്ടത്തിന് പരിഹാരം കാണാതെ വോട്ട് തേടി ഈ വീട്ടുമുറ്റത്തേക്ക് കയറേണ്ടെന്ന ഫ്ളക്സ് ബാനർ കൂമ്പാറയ്ക്ക് പിറകെ പേരാമ്പയിലും ഉയർന്നു തുടങ്ങുകയാണ്. ഇവിടെ ചെമ്പനോട കുറത്തിപ്പാറ ജോസാണ് വീടിന്റെ പടിക്കൽ മുന്നറിയിപ്പു ബാനർ സ്ഥാപിക്കുന്നതിനു തുടക്കമിട്ടത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിൽപ്പെടുന്ന ഈ ഭാഗത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമമായി മാറിയിരിക്കുകയാണ്. ജോസിന്റെ കൃഷിയിടത്തിൽ നല്ലൊരു പങ്കു ഇടവിളകളും കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുകയായിരുന്നു.
നേരത്തെ വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് കാട്ടുപന്നികളുടെ അതിക്രമമെങ്കിൽ, ഇപ്പോൾ ഇവ നാട്ടിപ്പുറങ്ങളിലേക്കും എത്തിയിരിക്കുകയാണെന്ന് കർഷകർ പറയുന്നു. ചെമ്പനോട, കൂത്താളി, കിഴക്കൻ പേരാമ്പ്ര, ചങ്ങരോത്ത്, കോട്ടൂർ എന്നിവിടങ്ങളിലെ കപ്പ, വാഴ, ചേമ്പ്, ചേന തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ്.