കൽപ്പറ്റ: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിലെ പഴയ മാർക്കറ്റ്, ചുങ്കം പുതിയ സ്റ്റാൻഡിലെ മത്സ്യ മാർക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാർക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാർക്കറ്റ്, കോട്ടക്കുന്നിലെ മാർക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവർത്തനം ഇന്ന് (ശനി) വൈകീട്ട് അഞ്ച് മുതൽ ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു.
ഇവിടങ്ങളിലെ ജീവനക്കാർ മാസ്‌ക്, കയ്യുറകൾ എന്നിവ ധരിക്കാതെയാണ് മത്സ്യ/മാംസ വിൽപന നടത്തിവരുന്നതെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ഈ മാർക്കറ്റുകളിലെ കടകൾക്ക് ഹോം ഡെലിവറിയായി തുടർന്നും വ്യാപാരം നടത്താവുന്നതാണ്. ഫോൺ നമ്പറിലൂടെ ബുക്ക് ചെയ്ത് മത്സ്യവും മാംസവും വിതരണം ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറി ആവശ്യമായ സൗകര്യം ചെയ്യണമെന്ന് കലക്ടർ നിർദ്ദേശിച്ചു.
മേൽ സ്ഥാപനങ്ങളിലെ ജീവനക്കാർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് 24 ന് മുനിസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുക. സുൽത്താൻ ബത്തേരി പൊലീസ് ഈ മാർക്കറ്റുകളിൽ പ്രത്യേക പരിശോധന നടത്തും.
മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി തഹസിൽദാർമാർ മത്സ്യമാംസ മാർക്കറ്റുകൾ പരിശോധിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കച്ചവടം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദ്ദേശം നൽകി.