poster
ചെക്യാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ലീഗും, കോൺഗ്രസും പ്രത്യേകം ഇറക്കിയ പോസ്റ്ററുകൾ

നാദാപുരം: നാദാപുരം മേഖലയിലെ മിക്ക ഗ്രാമപഞ്ചായത്തുകളിലും വിമത സ്ഥാനാർത്ഥികളുടെ പടയോട്ടം. ചെക്യാട് പഞ്ചായത്തിൽ മാത്രം 15 യു.ഡി.എഫ് റിബലുകളാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പത്രിക നൽകിയിട്ടുള്ളത്.

മുസ്ലിം ലീഗിലെ അസംതൃപ്തരായ ഒരു വിഭാഗമാണ് വിമതരിൽ കൂടുതലും. ചെക്യാട് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗ് വിമതൻ പത്രിക നൽകിയതോടെ മുന്നണി പൊട്ടിത്തെറിയുടെ വക്കിലാണ്. രണ്ടാം വാർഡായ താനക്കോട്ടൂരിൽ സിറ്റിംഗ് മെമ്പർ കെ.പി.കുമാരനെതിരെ ലീഗ് പഞ്ചായത്ത് ഭാരവാഹി കോമത്ത് ഹംസയാണ് പത്രിക സമർപ്പിച്ചത്. വോട്ടഭ്യർത്ഥിച്ച് ഇരുവരും പോസ്റ്ററുകളിറക്കി പ്രചാരണവും തുടങ്ങി.

നാദാപുരത്ത് ലീഗ് മണ്ഡലം ഭാരവാഹി മണ്ടോടി ബഷീർ നാദാപുരം വികസന മുന്നണി എന്ന പേരിൽ പത്രിക നൽകിയതോടെ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് പത്രിക പിൻവലിപ്പിക്കാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. വാണിമേൽ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡ് ലീഗ് കമ്മറ്റി സെക്രട്ടറിയും പഞ്ചായത്ത് കൗൺസിലറുമായ പടിക്കലക്കണ്ടി അമ്മദ് നാലാം വാർഡിൽ പത്രിക നൽകി. അദ്ധ്യാപക സംഘടന സംസ്ഥാന നേതാവായിരുന്ന വി. കെ. മൂസ്സയാണ് ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥി. നാദാപുരം മണ്ഡലത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം യു.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമായിരിക്കെ, ജില്ലാ - സംസ്ഥാന കമ്മറ്റികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രാദേശിക നേതൃത്വം.