സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയിലെ 35-ാം ഡിവിഷനായ കൈവട്ടമൂലയിലെ ഇടതു സ്ഥാനാർത്ഥിയായ ഇല്ലത്ത്‌ കോയയുടെ പത്രിക തള്ളി. പകരം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഭാര്യ റഹ്മത്ത്‌കോയ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി. ചെറുകിട കരാറുകാരനായ ഇയാൾക്ക് നിലവിൽ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയുണ്ട് എന്നതാണ് കോയയുടെ സ്ഥാനാർത്ഥിത്വം തള്ളിപോകാൻ കാരണമായത്.
റഹ്മത്ത്‌കോയ മുൻ ഗ്രാമപഞ്ചായത്ത് മെമ്പറാണ്. കൈവട്ടാമൂലയിൽനിന്ന്തന്നെയാണ് ഇവർ നേരത്തെ വിജയിച്ചത്. സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന നഫീസ അഹമ്മദ്‌കോയയെയാണ് ഇവർ അന്ന് പരാജയപ്പെടുത്തിയത്. ഡിവിഷനിലെ ജനങ്ങൾക്ക് സുപരിചിതയാണ് റഹ്മത്ത്.
സീറ്റ് ധാരണയിൽ ഇടതുപക്ഷം ജനതാദൾ എസിനായി നീക്കിവെച്ച കൈവട്ടമൂല ഡിവിഷനിൽ ആദ്യം കണ്ടെത്തിയ സ്ഥാനാർത്ഥി റഹ്മത്ത്‌കോയ ആയിരുന്നു. എന്നാൽ ഭർത്താവിന് സീറ്റ് നൽകിയാൽ മതി താൻ മൽസരിക്കുന്നില്ലെന്ന് റഹ്മത്ത് അറിയിച്ചു. തുടർന്നായിരുന്നു ഇല്ലത്ത്‌കോയ നാമ നിർദേശ പത്രിക നൽകിയത്.

നഗരസഭയുടെ ചെറിയ പ്രവർത്തികൾ കരാറെടുത്തുവരികയായിരുന്നു കോയ. ഇതിന്റെ ബില്ലുകൾ മാറാനും വർക്ക് പൂർത്തീകരിക്കാനുമുണ്ട്. കൊവിഡ് വ്യാപനത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനും ബില്ല് മാറികിട്ടാനുമുണ്ട്. ഈ ബാധ്യതയാണ്‌ കോയയ്ക്ക് വില്ലനായി മാറിയത്.

എന്തായാലും കോയ സന്തോഷവാനാണ്. ജനപ്രതിനിധിയായി പ്രവർത്തിച്ച് പരിചയമുള്ള ഭാര്യ തന്നെയാണല്ലോ സ്ഥാനാർത്ഥി.