bulla
കുൻഷു കാളയോടൊപ്പം

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കടവിലെ രണ്ടുവയസുകാരൻ കുൻഷുവിന്റെ കളിക്കൂട്ടുകാരൻ ആരാണെന്ന് അറിയേണ്ടെ.. വീട്ടിലെ കൊമ്പൻ കാളക്കുട്ടൻ !!. മുട്ടിലിഴയാൻ തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണ് കാളക്കുട്ടനോടുള്ള ചങ്ങാത്തം. വീട്ടിലെ മുതിർന്നവരെ അടുക്കാൻ സമ്മതിക്കാത്ത കാളക്കുട്ടൻ പക്ഷെ, കുൻഷുവിന് മുന്നിൽ കുണുങ്ങിനിൽക്കും. കുൻഷുവിന്റെ വിളികേട്ടാൽ മതി എവിടെയാണെങ്കിലും കുറുമ്പൻ ഓടിയെത്തും: പിന്നെ, തൊട്ടുരുമ്മി കാലിനടുത്തൊരു ചരിഞ്ഞ് കിടത്തമാണ്. കാളയുടെ പുറത്ത് കയറിയാണ് കുൻഷുവിന്റെ കളി. തീറ്റകൊടുക്കാൻ കൊണ്ടുപോകാനും ഇപ്പോൾ കുൻഷു വേണം. കുൻഷുവിന് രണ്ട് മൂത്ത സഹോദരങ്ങളുണ്ട്. അവർക്ക് കാളയുടെ അടുത്തേക്ക് പോകാൻ തന്നെ പേടിയാണ്. കാളയ്ക്കും അവരെയത്ര ഇഷ്ടമല്ല. കുൻഷുവിന്റെ ഉപ്പാപ്പ വളയങ്ങോട് ഒ.സി മുഹമ്മദ് ഒന്നര വർഷം മുമ്പ് കാളയോട്ട മത്സരത്തിന് കൊണ്ടുവന്നതാണ് ഈ കാളക്കുട്ടനെ. ആരോടും ഇണങ്ങാത്ത കാള ഭക്ഷണം കൊടുക്കാൻ അടുത്ത് ചെന്നാൽ പോലും കുത്തിനിലത്തിടുന്ന പ്രകൃതമാണ്. എന്നാൽ കുൻഷുവിനോടുള്ള കാളയുടെ ചങ്ങാത്തം വീട്ടുകാരെയും അത്ഭുതപ്പെടുത്തുന്നു. വീട്ടിലെ കോഴിയും നായയും ആടുമെല്ലാം കുൻഷുവിന്റെ അടുപ്പക്കാരാണ്. ഇവരുടെ ചങ്ങാത്തം നാട്ടുകാർക്കും കൗതുക കാഴ്ചയായിട്ടുണ്ട്.

" വീട്ടുകാരെപോലും അടുപ്പിക്കാത്ത കാളയാണ് . കുൻഷുവിനെ കണ്ടാൽ ഇണങ്ങി നിൽക്കും. കാളയ്ക്ക് തീറ്റ കൊടുക്കുന്നതും മറ്റും കുൻഷുവാണ്. വീട്ടിലെ മുതിർന്നവർക്ക് കാളയെ പേടിയാണ്'-. ബുഷ്റ, കുൻഷുവിന്റെ ഉമ്മ