കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ ഉത്തരവിട്ടു. മാദ്ധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിലും മാദ്ധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീർപ്പുകൽപ്പിക്കുകയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയുമാണ് സമിതിയുടെ ചുമതല.
ജില്ലാ കളക്ടർ ചെയർമാനായ സമിതിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കും കൺവീനർ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ, കളക്ടറേറ്റിലെ ലോ ഓഫീസർ, ഒരു വിശിഷ്ട മാദ്ധ്യമ / സാമൂഹ്യ പ്രവർത്തകൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഡിസംബർ 16 വരെയാണ് സമിതിയുടെ കാലാവധി.