കോഴിക്കോട്: നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചതോടെ മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ സജീവമായി. എല്ലാ കവലകളിലും സ്ഥാനാർത്ഥിയുടെ ഫോട്ടോ സഹിതമുള്ള ബോർഡ് നിരന്നു കഴിഞ്ഞു. മുന്നണികളുടെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടികളുടെ കൊടികൾ അലങ്കരിച്ച് പ്രചാരണത്തിന് കൊഴുപ്പ് കൂട്ടുകയാണ്.
കൊവിഡ് കാരണം വ്യത്യസ്ത ശൈലികളിലാണ് മുന്നണികളുടെ പ്രചാരണം.
ഇടത് മുന്നണി: പലയിടങ്ങളിലും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് മേൽക്കൈ നേടാൻ കഴിഞ്ഞു. ചിട്ടയായ പ്രവർത്തനമാണ് ഇടത് മുന്നണിയുടെ ഇത്തവണത്തെയും പ്രവർത്തന ശൈലി. സ്ഥാനാർത്ഥിയോടൊപ്പം രണ്ടോ മൂന്നോ പേർ ചേർന്ന് വീടുകളിൽ കയറിയാണ് പ്രവർത്തനം. ഇടത് മുന്നണി സർക്കാറിന്റെ വികസന നേട്ടങ്ങളും കൊവിഡ് കാലത്ത് സ്വീകരിച്ച ജനസൗഹൃദ നടപടികളുമാണ് പ്രധാനമായും ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നത്. ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം. ഇതിന് പുറമെ ലൈഫ് പദ്ധതി, പൊതുവിദ്യാഭ്യാസ രംംത്ത് കൊണ്ടു വന്ന മാറ്റങ്ങൾ എന്നിവ അവർ ജനങ്ങൾക്ക് മുന്നിൽ വിവരിക്കുന്നു.
ഐക്യ ജനാധിപത്യ മുന്നണി: സ്ഥാനാർത്ഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും രണ്ട് ദിവസംകൊണ്ട് പ്രചാരണത്തിൽ സജീവമായി കഴിഞ്ഞു. പൊതുയോഗങ്ങളോ കൺവെൻഷനുകളോ ഇല്ല. സ്ഥാനാർത്ഥിയോടൊപ്പം വീട് കയറിയുള്ള പ്രവർത്തനം തന്നെയാണ് യു.ഡി.എഫും സ്ഥീകരിച്ചിരിക്കുന്നത്. ഇടത് സർക്കാറിന്റെ അഴിമതിയും സ്വർണകള്ളക്കടത്തും ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്ന് കച്ചവടവുമാണ് പ്രധാന പ്രചാരണ ആയുധം. യു.ഡി.എഫ് സ്ഥാനാർത്ഥികൾ പതിവിൽ കവിഞ്ഞ ആത്മവിശ്വാസത്തിലാണ്. 2010 ആവർത്തിക്കുമെന്നാണ് അവരുടെ വാദം. 2010ലായിരുന്നു യു.ഡി.എഫ് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചത്.
എൻ.ഡി.എ: എൻ.ഡി.എയുടെ ശക്തി ബി.ജെ.പി തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ സീറ്റ് പിടിച്ച് നിർണ്ണായക ശക്തിയാവുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കോഴിക്കോട് കോർപ്പറേഷനാണ് അവരുടെ പ്രധാന ഉന്നം. കഴിഞ്ഞ തവണ കോഴിക്കോട് കോർപ്പറേഷനിൽ ഏഴ് സീറ്റാണ് ലഭിച്ചിരുന്നത്. ഇത്തവണ ലക്ഷ്യമിടുന്നത് 15 സീറ്റാണ്. ഇടത് മുന്നണി സർക്കാർ നടപ്പാക്കിയ പദ്ധതികളും കേന്ദ്ര സർക്കാറിന്റെ പദ്ധതികളാണെന്ന് അവർ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തുന്നു. ലൈഫ് പദ്ധതിക്കായി ഏറ്റവും കൂടുതൽ പണം നൽകിയത് കേന്ദ്ര സർക്കാറാണ്. സൗജന്യ ഗ്യാസ് കണക്‌ഷൻ, ഹൈവേ വികസനം. ഗെയിൽ പദ്ധതി എന്നിവ കേന്ദ്രസർക്കാറിന്റെ പദ്ധതികളാണ്.എന്നാൽ ഇതിന്റെ ക്രെഡിറ്റ് മുഴുവൻ സംസ്ഥാന സർക്കാർ അടിച്ചെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.