കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലക്ട്രേറ്റുകളിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾ, വരണാധികാരികളുടെ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകൾ എന്നിവ അവധി ദിവസങ്ങളിലും പ്രവർത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭത്തിലല്ലാതെ അവധി അനുവദിക്കില്ല.
മോണിറ്ററിംഗ് സമിതി യോഗം
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിംഗ് സമിതയോഗം ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ 23 ന് രാവിലെ 11 ന് കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിക്കണം
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വേതനത്തോട് കൂടി അവധി നൽകാനാണ് നിർദ്ദേശം. സ്വകാര്യ
വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ദിവസം അവധി നൽകണം. അവധി നൽകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ ജീവനക്കാരന് വോട്ട് ചെയ്യാനുള്ള അനുമതി നിർബന്ധമായും നൽകണം.
സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകണം.
പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: ഡി.എം.ഒ
കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർഥികളും പ്രവർത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. ഗൃഹസന്ദർശന സമയത്തും ആളുകളുമായി ഇടപഴകുന്ന സമയങ്ങളിലും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തി ഇടാൻ പാടില്ല. സോപ്പ്, വെള്ളം അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
കൊവിഡ് പോസിറ്റീവ് ആയാൽ സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടതും നെഗറ്റീവ് ആയ ശേഷം ആരോഗ്യപ്രവർത്തകരുടെ നിർദേശം പാലിച്ച് മാത്രം പൊതുപ്രചാരണ രംഗത്ത് ഇറങ്ങാവുന്നതുമാണ്.
ഭവന സന്ദർശനം നടത്തുമ്പോൾ പരമാവധി അഞ്ച് പേർ മാത്രമേ സംഘത്തിൽ ഉണ്ടാവാൻ പാടുള്ളൂ. പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും നടത്തുമ്പോൾ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണം.
23 ന് ചിഹ്നം അനുവദിക്കും
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികൾക്കുള്ള തിരഞ്ഞെടുപ്പ് ചിഹ്നം നവംബർ 23 ന് വൈകീട്ട് 4 ന് കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന വരണാധികാരിയുടെ കാര്യാലയത്തിൽ വെച്ച് അനുവദിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.