സുൽത്താൻ ബത്തേരി: നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവെ വിമതരെ ഒതുക്കാനായി മുന്നണികൾ ആവനാഴിയിലെ അവസാന ആയുധങ്ങളുമായി രംഗത്തിറങ്ങി. വൻ വാഗ്ദാനങ്ങൾ നൽകിയാണ് വിമതരെ പ്രലോഭിപ്പിക്കുന്നത്. ഇതിന് വശംവദരാകാത്തവരെ ഭീഷണി മുഴക്കി പിൻവലിപ്പിക്കാനുള്ള നീക്കവുമുണ്ട്.

എൽ.ഡി.എഫിലും യു.ഡി.എഫിലും വിമത ശല്യമുണ്ടങ്കിലും, യു.ഡി.എഫിലുള്ള അത്ര വിമതർ ഇടതു മുന്നണിയിൽ ഇല്ല. അതേസമയം എൻ.ഡി.എ പല സ്ഥലത്തും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമില്ല.
ഗ്രാമ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്ത് നഗരസഭ എന്നിവിടങ്ങളിലുമാണ് ഇരു മുന്നണികൾക്കും ഭീഷണിയായി വിമതർ ഉള്ളത്. സുൽത്താൻ ബത്തേരി നഗരസഭയിൽ മൂന്നിടത്താണ് യു.ഡി.എഫിന് വിമത ശല്യമുള്ളത്. ഇടതു മുന്നണിക്ക് ഒരു സീറ്റിലാണ് വിമത ഭീഷണി.

ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഓരോ ഡിവിഷനുകളിലും വിമത ഭീഷണിയുണ്ട്. നൂൽപ്പുഴ പഞ്ചയത്തിലെ ഒരു വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഒരു വിമതൻ രംഗത്തുണ്ട്. ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ വിമതനായാണ് ഇയാൾ നിൽക്കുന്നതെങ്കിലും യു.ഡി.എഫിന്റ കുറെ വോട്ടും ഈ വിമതന് കിട്ടാനിടയുണ്ട്. അതുകൊണ്ട് തന്നെ വിമതനെ മൽസര രംഗത്ത് നിന്ന് മാറ്റേണ്ടത് ഇരു മുന്നണികളുടെയും ബാധ്യതയായി.
പത്രിക പിൻവലിക്കേണ്ട അവസാന ദിവസം തിങ്കളാഴ്ചയാണ്. ഇതിനകം വിമതരെ പിൻതിരിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. പത്രിക പിൻവലിക്കുന്നതിന് വൻ വാഗ്ദാനങ്ങൾ വിമതർക്ക് മുന്നിൽ വെച്ചിട്ടുണ്ട്.

അതേസമയം ചില സ്ഥലങ്ങളിൽ പ്രദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് ജില്ലാ നേതൃത്വം ഓദ്യോഗിക സ്ഥാർത്ഥിയാക്കിയവർക്കെതിരെ സ്വതന്ത്ര വിമതനെ കൊണ്ടു വന്ന് മൽസരിപ്പിക്കുന്നുമുണ്ട്. ഇവർക്ക് പാർട്ടിയുടെ രഹസ്യ പിന്തുണയുമുണ്ട്. ഒരു ഭാഗത്ത് വിമതരെ ഒതുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമ്പോൾ മറുഭാഗത്ത് ചില വിമതരെ നിലനിർത്തുന്നതിന് വേണ്ട നീക്കങ്ങളുമാണ് അണിയറയിൽ നടക്കുന്നത്.