സുൽത്താൻ ബത്തേരി: നാടും നഗരവും തിരഞ്ഞെടപ്പ് ആരവങ്ങളിൽ മുഴുകുമ്പോഴും വനാന്തര ഗ്രാമങ്ങളിൽ അതിന്റെ ആരവങ്ങൾ ഉയർന്നിട്ടില്ല. മുന്നണി പ്രവർത്തകർ ഇടയ്ക്ക് എത്താറുണ്ടങ്കിലും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളോ പാർട്ടി ചിഹ്നങ്ങളോ ഒന്നും കാര്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ പ്രവർത്തകർ വനാന്തരങ്ങളിലെക്ക് എത്താനും വിമുഖത കണിക്കുന്നുണ്ട്.
പത്രിക പിൻവലിക്കാനുള്ള അവസാനം ദിവസം കഴിഞ്ഞതിന് ശേഷമേ ഇവിടങ്ങളിലേക്ക് പ്രചാരണവുമായി ഇനി ആളുകളെത്തുകയുള്ളൂ. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം സോഷ്യൽ മീഡിയ വഴി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ വനാന്തര ഭാഗങ്ങളിൽ സ്മാർട്ട് ഫോണുകളുടെ അഭാവവും റെയിഞ്ചിന്റെ അപര്യാപ്തതയും കൊണ്ട് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ഇല്ല.
ഉപജീവന മാർഗ്ഗം തേടി വനാന്തർഭാഗത്തുള്ളവർ രാവിലെതന്നെ വീട് വിടുന്നതിനാൽ പകൽ സമയങ്ങളിൽ ആരും വീടുകളിൽ ഉണ്ടാകാറില്ല. പിന്നീട് രാത്രിയാണ് ഇവർ തിരിച്ചെത്തുക. ഇതിനിടയിൽ തിരഞ്ഞെടുപ്പും രാഷ്ട്രീയവും ഒന്നും ഇവർക്ക് വിഷയമാകാറില്ല. അതേസമയം തിരഞ്ഞെടുപ്പിൽ കൃത്യമായി വോട്ട് രേഖപ്പെടുത്താറുമുണ്ട്. നെൽകൃഷിയും കന്നുകാലി വളർത്തലുമാണ് വനാന്തർഭാഗത്തുള്ളവരുടെ മുഖ്യ ജീവിതമാർഗം.
കൊയ്ത്തിന്റെ കാലം കൂടിയാണ് ഇപ്പോൾ. വിളവെടുപ്പിന് പാകമായി നിൽക്കുന്ന പാടങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് കാത്തുരക്ഷിക്കുന്നതിനായി നെൽവയലുകളിൽ ഏറുമാടം കെട്ടി കാവൽ കിടക്കുകയാണ് കർഷകർ.
നൂൽപ്പുഴ പഞ്ചായത്തിലെ പാമ്പുംകൊല്ലി, മണിമുണ്ട, പുത്തൂർ, ചെട്യാലത്തൂർ, കുറിച്ച്യാട് തുടങ്ങിയവ വനാന്തർ ഗ്രാമങ്ങളാണ്. ഇതിൽ കൂടുതലും ഗോത്ര വർഗ്ഗക്കാരാണ് താമസിക്കുന്നത്.
പുറം ലോകത്ത് നിന്ന് മൂന്ന് കിലോമീറ്റർ ഉള്ളിലായി വനമേഖലയിലാണ് ചെട്ട്യാലത്തൂർ ഗ്രാമം. ചെതലയത്ത് നിന്ന് 12 കിലോമീറ്റർ വനത്തിനുള്ളിലാണ് കുറിച്ച്യാട് വനഗ്രാമം. ഇവിടെയൊന്നും തിരഞ്ഞെടുപ്പിന്റെ ആവേശം കടന്ന് ചെന്നിട്ടില്ല.
ഫോട്ടോ--ആവേശം
വനാന്തര മേഖലകളിൽ ആടുകളെ മേയ്ച്ച് നടന്നു നീങ്ങുന്ന കർഷകർ.