സുൽത്താൻ ബത്തേരി: കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് തറവില നിശ്ചയിച്ച് ഹോർട്ടികോർപ്പ് വഴി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പാക്കിയ ഓൺലൈൻ രജിസ്‌ട്രേഷൻ കർഷകർക്ക് ദുരിതമാകുന്നു. ഓൺലൈനായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ പറ്റാത്തതാണ് കർഷകർക്ക് പ്രതിസന്ധിയാകുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്ന കർഷകരുടെ പച്ചക്കറികൾ മാത്രം സംഭരിച്ചാൽ മതിയെന്ന പുതിയ നിർദേശം വ്യാഴാഴ്ചയാണ് കൃഷിവകുപ്പ് പുറത്തിറക്കിയത്.

തറവില നിശ്ചയിച്ച നേന്ത്രക്കായ അടക്കമുള്ള പച്ചക്കറികൾ ഹോർട്ടി കോർപ്പ് സംഭരിക്കണമെങ്കിൽ സർക്കാറിന്റെ ഓൺലൈൻ പോർട്ടായ എഐഎംഎസ് കേരളയിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിൽ രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ ഉൽപ്പന്നങ്ങൾ ഇനിമുതൽ സംഭരിക്കേണ്ടതില്ലന്നും ഹോർട്ടികോർപ്പിന് നിർദേശം നൽകിയിരുന്നു.

എന്നാൽ ഹോർട്ടികോർപ്പിൽ പച്ചക്കറികൾ എത്തിച്ചുനൽകിയിരുന്ന കർഷകർക്ക് ഇപ്പോൾ ഈ പോർട്ടലിൽ കയറി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തികരിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. പോർട്ടലിൽ കയറി വിവരങ്ങൾ നൽകി ഒ ടി പി നമ്പർവരെ ലഭിക്കും. പിന്നീട് മുന്നോട്ട് പോകാൻ സാധിക്കുന്നില്ലന്നാണ് കർഷകരുടെ പരാതി. ഇത് സാധാരണ കർഷകരെയാണ് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ജില്ലയിലെ മിക്ക കർഷകരും വിലയിടിവ് വന്നതോടെ നേന്ത്രക്കായ അടക്കമുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പിലെത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ആദ്യം അതാത് കൃഷി ഓഫീസർമാരുടെ സാക്ഷ്യപത്രം ഉണ്ടായിരുന്നെങ്കിൽ സംഭരണം നടക്കുമായിരുന്നു. കൃഷിവകുപ്പിന്റെ നിർദേശം വരുന്നതിന് മുമ്പായി കഴിഞ്ഞ ദിവസങ്ങളിൽ 350 കർഷകരിൽ നിന്നായി ഒരു ടണ്ണോളം നേന്ത്രവാഴ ജില്ലാ ഹോർട്ടികോർപ്പ് സംഭരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനി തിങ്കളാഴ്ച മുതൽ കർഷകർക്ക് ഹോർട്ടികോർപ്പിന് ഉൽപ്പങ്ങൾ നൽകണമെങ്കിൽ എഐഎംഎസ് കേരളയിൽ കയറി രജിസ്‌ട്രേഷൻ ചെയ്തതിന്റെ സർട്ടഫിക്കറ്റ് നൽകിയാലേ കഴിയു. ഈ സാഹചര്യത്തിൽ പച്ചക്കറികൾ സംഭരിക്കാനുള്ള സംവിധാനം ലളിതമാക്കണമെന്നാണ് ആവശ്യമുയരുന്നത്.