മുക്കം: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക്. എ ഗ്രൂപ്പിന്റെ ആധിപത്യത്തിനെതിരെ ഐ ഗ്രൂപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയ കമ്മിറ്റി വിളിക്കാതെ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണെന്ന ആരോപണമാണ് ഐ ഗ്രൂപ്പ് ഉന്നയിക്കുന്നത്. അവഗണന തുടർന്നാൽ കൂട്ടരാജിക്കും മടിക്കില്ലെന്ന നിലപാടിലാണ് ഇവർ. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്ദമംഗലം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ഒരെണ്ണം മാത്രമാണ് ഐ ഗ്രൂപ്പിന് ലഭിച്ചത്. സ്ഥിരമായി ഐ ഗ്രൂപ്പ് മത്സരിക്കുന്ന പന്നിക്കോട് ഡിവിഷൻ പോലും ഇത്തവണ എ ഗ്രൂപ്പ് കൈവശപ്പെടുത്തി. ഈ ഡിവിഷനിൽ ഇത്തവണ മൂന്ന് സ്ഥാനാർത്ഥികളുണ്ട്. ഡി.സി.സി സെക്രട്ടറി സി.ജെ.ആന്റണി, യൂത്ത് കോൺഗ്രസ് നേതാവ് കെ.പി. സൂഫിയാൻ എന്നീ എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം മുൻപ്രസിഡൻറുമായ എം.സി. സിറാജുദ്ദീനുമാണ് സ്ഥാനാർത്ഥികൾ. സൂഫിയാനും സിറാജുദ്ദീനും കൈപ്പത്തി ചിഹ്നത്തിൽ പോസ്റ്റർ ഇറക്കി പ്രചാരണം ആരംഭിച്ചു. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വ്യക്തിയാണ് ഐ ഗ്രൂപ്പിനെ ഒതുക്കാനും സീറ്റുകൾ കൈവശപ്പെടുത്താനും നേതൃത്വം നൽകുന്നതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പന്നിക്കോട് ഡിവിഷൻ സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന നേതാവ് അബ്ദു കൊയങ്ങോറനെ തഴഞ്ഞാണ് എ ഗ്രൂപ്പിന് സീറ്റ് നൽകുന്നതെന്നും പരാതിയുണ്ട്. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ഷഹീർ എരഞ്ഞോണയെ വേളങ്കോട് ഡിവിഷനിൽ തഴഞ്ഞതിലുള്ള പ്രതിഷേധം കത്തിനിൽക്കുന്നതിനിടെയാണ് പന്നിക്കോട് ഡിവിഷനും എ ഗ്രൂപ്പ് കൈവശപ്പെടുത്താൻ ശ്രമം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതി നിലനിർത്തണമെന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് എ ഗ്രൂപ്പ് നേതൃത്വം ഇത്തരം നടപടി സ്വീകരിക്കുന്നതെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. അബ്ദു കൊയങ്ങോറൻ, ബാബു പൊലുകുന്നത്ത്, ഫ്രാൻസിസ് മൂക്കിലിക്കാട്ട്, ലിസി കാരിപ്ര എന്നിവർ അംഗങ്ങളായ സ്ഥാനാർത്ഥി നിർണയ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് എ ഗ്രൂപ്പിന്റെ കളിയെന്നും പന്നിക്കോട് ഡിവിഷൻ കിട്ടിയില്ലങ്കിൽ ഐ ഗ്രൂപ്പ് പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ മടിക്കില്ലെന്നും ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി.