chekyad
ചെക്യാട് റിബൽ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതാ ലീഗ് പ്രവർത്തകർ റോഡിൽ അണിനിരന്നപ്പോൾ

നാദാപുരം: ചെക്യാട് പഞ്ചായത്തിൽ ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിൽ പിന്തുണയറിയിച്ച് വനിതാ ലീഗും രംഗത്ത്.

രണ്ടാം വാർഡായ ജാതിയേരിയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് ലീഗ് പ്രവർത്തകരിൽ ഉണ്ടായ അതൃപ്തികൾക്ക് ചൂടേറുന്നത്.

ലീഗ് പ്രവർത്തകരും, വാർഡ് തെരഞ്ഞെടുപ്പ് സമിതിയിലെ ഭൂരിപക്ഷം പേരും പി.കെ. ഖാലിദ് മാസ്റ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മറ്റൊരാളെ ഏകപക്ഷിയമായി പ്രഖ്യാപിച്ചെന്ന ആരോപണമാണ് വിമത പക്ഷം ഉന്നയിക്കുന്നത്. എന്നാൽ വിമതപക്ഷത്തിന്റെ വാദം മുഖവിലയ്ക്ക് എടുക്കാൻ നേതൃത്വം ഇതു വരെ തയ്യാറായിട്ടില്ല. വാർഡിലെ ലീഗ് പ്രവർത്തകരുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പി.കെ.ഖാലിദ് മാസ്റ്റർ റിബൽ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരുന്നു. വാർഡിലെ വിവിധ ഭാഗങ്ങളിൽ ഖാലിദ് മാസ്റ്റർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വോട്ടർമാർ രംഗത്ത് എത്തുകയും ചെയ്തതോടെ യു.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഖാലിദ് മാസ്റ്റർക്ക് വേണ്ടി സജീവ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ജാതിയേരിയിൽ പ്ലക്കാർഡുമായി അണിനിരന്ന് ഖാലിദ് മാസ്റ്റർക്ക് വനിതാ ലീഗ് പ്രവർത്തകരും പിന്തുണ അറിയിച്ചത്.