കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ വിതരണത്തിനുള്ള അരിയും ഗോതമ്പും യഥാസമയം റേഷൻ കടകളിൽ എത്തുന്നില്ലെന്ന് ആൾ കേരളാ റീട്ടെയിൽ ഡിലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഈ മാസം വിതരണം നടത്തുന്നതിന് ആവശ്യമായ അളവിലുള്ള അരിയും ഗോതമ്പും മിക്ക റേഷൻ കടകളിലും എത്തിയിട്ടില്ല. ഇത് പരിഹരിക്കാൻ അധികമായി സ്റ്റോക്കുള്ള കടകളിലെയും എൻ.എഫ്.എസ്.എ ഗോഡൗണിലേയും സ്റ്റോക്കുള്ള അരിയിൽ നിന്നു മാറ്റി നൽകി വിതരണം നടത്തണമെന്ന നിർദ്ദേശമാണ് റേഷൻ വ്യാപാരികൾക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇതുകൊണ്ട് വിതരണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ത്യയോജന പ്രകാരം മഞ്ഞ, പിങ്ക് കാർഡുകാർക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളും ഒരു കിലോഗ്രാം പയർ, കടല എന്നിവയുമാണ് സൗജന്യമായി വിതരണം നടത്തിയിരുന്നത്. പദ്ധതിയുടെ തുടക്കത്തിൽ നൽകിയത് 5 കിലോ ഗ്രാം അരിയായിരുന്നു. പിന്നീട് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമായി നാലു മാസങ്ങളിൽ വിതരണം തുടർന്നു. ഒരു കാർഡിന് ഒരു കിലോ ഗ്രാം ഗോതമ്പ് വിതരണം നടത്തേണ്ടിടത്ത് 500 ഗ്രാം മുതൽ 600 ഗ്രാം വിതരണം നടത്താൻ ആവശ്യമായത് മാത്രമേയുള്ളൂ. എന്നാൽ ഇ - പോസ് മെഷീനിൽ ഒരു കിലോ അരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ വിതരണം നടത്തുന്നതിനാൽ ചിലയിടങ്ങളിൽ ഗോതമ്പിന്റെ സ്റ്റോക്ക് കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് സ്റ്റോക്കുള്ള ഭക്ഷ്യധാന്യത്തിന്റെ വിതരണം നടത്താൻ അനുവദിക്കണമെന്നും ഇ-പോസ് മെഷീനിൽ ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി,മുഹമ്മദാലി,ട്രഷറർ ഇ.അബൂബക്കർ ഹാജി എന്നിവർ ആവശ്യപ്പെട്ടു.