നരിക്കുനി: പന്നിക്കോട്ടൂർ ബാവാട്ടി ചാലിൽ അബ്ദുൽസലാമിന്റെ വൃക്ക മാറ്റിവയ്ക്കൽ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചാലഞ്ച് ജനം ഏറ്റെടുത്തതോടെ വിറ്റുപോയത് മണിക്കൂറുകൾക്കുള്ളിൽ. എളേറ്റിൽ വാദിഹുസ്ന ഗ്രൗണ്ടിൽ തയ്യാറാക്കിയ വലിയ പന്തലിലാണ് ബിരിയാണി വെച്ചു വിളമ്പിയത്. അഞ്ച് പാചക സംഘങ്ങൾ ചേർന്ന് പതിനെട്ടായിരം ബിരിയാണി ഉണ്ടാക്കി കണ്ടെയ്നറിൽ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. മുപ്പത്തഞ്ച് ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ഒരു വർഷം മുമ്പ് നിലവിൽ വന്ന സാമൂഹ്യ കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്. എന്നാൽ കൊവിഡ് മൂലം ആളുകളെ സമീപിച്ച് ധനശേഖരണം അസാദ്ധ്യമായതോടെയാണ് ബിരിയാണി ചാലഞ്ച് ആസൂത്രണം ചെയ്തത്.
വലിയ ആവേശത്തോടെയാണ് ബിരിയാണി ചാലഞ്ചിനെ പൊതുജനം സ്വീകരിച്ചത്. ജാതി-മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നു കൂട്ടായ്മയുടെ പ്രവർത്തനം. ബിരിയാണി തയ്യാറാക്കുന്നതിന് ആവശ്യമായ വസ്തുക്കൾ പലരും സംഭാവനയായി നൽകി. പാചകം, പാക്കിംഗ്, വിതരണം, മറ്റ് അനുബന്ധ പ്രവർത്തനങ്ങളെല്ലാം സേവന രീതിയിലായിരുന്നു. അഞ്ഞൂറോളം വോളണ്ടിയർമാരാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്.