മുക്കം: നഗരസഭയിലെ അഞ്ചാം ഡിവിഷൻ തോട്ടത്തിൻകടവ് എൽ.ഡി.എഫ് സ്ഥാനാർത്ഥി നൗഫലിന്റെ ഭാര്യ ഷാനിതയെ (25) ആക്രമിച്ചു. കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി ഷാനിത പറഞ്ഞു. ഇവർ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.തിരുവമ്പാടിയിലെ സ്വകാര്യ ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഇവരെ അക്രമി ലാബിൽ കയറി കഴുത്തുഞെരിക്കുകയായിരുന്നു. ബഹളം വെച്ചതോടെ അക്രമി ഓടി. "നൗഫലിനോട് മര്യാദയ്ക്ക് നിൽക്കാൻ പറയണം. ഇല്ലെങ്കിൽ വിവരമറിയും" എന്ന് ആക്രോശിച്ചു കൊണ്ടാണ് അക്രമി ലാബിൽ കയറി കഴുത്ത് ഞെരിച്ചതെന്ന് യുവതി പറഞ്ഞു. ഒരാൾ മാത്രമാണ് ലാബിൽ കയറിയതെന്നും പുറത്ത് വേറെ ആളുകളുണ്ടായിരുന്നോ എന്നറിയില്ലെന്നും ഷാനിത പറയുന്നു.തോട്ടത്തിൻകടവ് ഡിവിഷനിൽ മത്സരിക്കുന്ന ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രികയെ ചൊല്ലി സൂക്ഷ്മ പരിശോധന വേളയിൽ തർക്കം നടന്നിരുന്നു.എൽ.ഡി.എഫ് പ്രവർത്തകരാണ് പത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടിയത്. തർക്കത്തിനിടെ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകർ എത്തുകയും ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണോ അക്രമമെന്ന് സംശയിക്കുന്നതായി എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നു. തിരുവമ്പാടി പൊലീസ് അന്വേഷണമാരംഭിച്ചു.സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി സംഭവത്തെ അപലപിച്ചു. എൽ.ഡി.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഭവത്തിൽ പ്രതിഷേധിച്ചു. ഇ.രമേശ് ബാബു, ടി.വിശ്വനാഥൻ ,വി. എ. സെബാസ്റ്റ്യൻ, എ.സുബൈർ, ഇളമന ഹരിദാസ്, അബ്ദുള്ള കുമാരനെല്ലൂർ, അരുൺ തോമസ് എന്നിവർ സംബന്ധിച്ചു.