കോഴിക്കോട്: ജില്ലയിലെ 12 ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ടെണ്ണമാണ് എൽ.ഡി.എഫിന് നഷ്ടപ്പെട്ടതെങ്കിൽ, ഇക്കുറി വിജയം നൂറു ശതമാനമായിരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇക്കുറി ഒറ്റ ബ്ളോക്ക് പഞ്ചായത്ത് പോലും യു.ഡി.എഫ് പ്രതീക്ഷിക്കേണ്ട.
മൊത്തത്തിൽ ഇടതു മുന്നണിയുടെ വിജയം എത്രത്തോളമുണ്ടാകും?
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് എന്നും തിളക്കമാർന്ന വിജയമുണ്ടാവാറുണ്ട് കോഴിക്കോട് ജില്ലയിൽ. ഇത്തവണ അതിഗംഭീര വിജയം ഉറപ്പാണ്. ജില്ലാ പഞ്ചായത്ത് എപ്പോഴും ഇടതു മുന്നണിയ്ക്കാണ്. ഇത്തവണയും അത് ആവർത്തിക്കും. 12 ബ്ളോക്ക് പഞ്ചായത്തുകളിൽ ഒരെണ്ണം പോലും നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസമുണ്ട്. 70 ഗ്രാമ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ ഇടത് മുന്നണിയ്ക്ക് ലഭിച്ചത് 48 എണ്ണമാണ്. ഇത്തവണ അതിലേറെ ലഭിക്കുമെന്നതിൽ സംശയമില്ല.
എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞിട്ടുണ്ടെന്നതു തന്നെയാണ് അതിഗംഭീര വിജയം പ്രതീക്ഷിക്കുന്നതിന്റെ അടിസ്ഥാനം. സമാനതകളില്ലാത്ത വികസന പ്രവത്തനങ്ങളാണ് ഓരോരിടത്തും നടന്നത്. പ്രളയത്തിന്റെ കാലത്തും കൊവിഡ് മഹാമാരിയെ നേരിടുന്നതിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എൽ.ഡി.എഫ് സാരഥ്യം വഹിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് എല്ലാ പിന്തുണയുമേകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ഒരിക്കലും ഇടതു മുന്നണിയെ കൈവിടില്ല.
യു.ഡി.എഫിന്റെ പ്രവർത്തനങ്ങളെ അങ്ങനെ കണ്ടില്ലെന്നു നടിക്കാനാവുമോ ?.
ഫലത്തിൽ യു.ഡി.എഫ് ഇല്ലാതായിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന ലോക് താന്ത്രിക് ജനതാദളും കേരള കോൺഗ്രസ് എമ്മും ഇപ്പോൾ ഇടതു മുന്നണിയിലാണ്. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലൊക്കെയും തമ്മിൽ തല്ലിന് മാത്രമേ കുറവില്ലാതുള്ളൂ. അവരുടെ അഴിമതിയ്ക്ക് ആക്കം കൂടുന്നതിനനുസരിച്ച് അവിടങ്ങളിലൊക്കെ വികസനം മുരടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ പോലും വിജയകരമായി നടപ്പാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പരാജയഭീതിയിൽ യു.ഡി.എഫ് വർഗീയ കക്ഷിയായ ജമാ അത്തെ ഇസ്ളാമിയുമായും തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐ യുമായും സംഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന ആശയവുമായി നടക്കുന്ന ജമാ അത്തെ ഇസ്ളാമിയ്ക്ക് എങ്ങനെ കോൺഗ്രസ്സിലെ മതേതര വിശ്വാസികൾക്ക് വോട്ടു ചെയ്യാൻ സാധിക്കും.
ജില്ലയിൽ ബി.ജെ.പി പ്രകടമായി സ്വാധീനം ഉയർത്തിയിട്ടില്ലേ?
ഇടതുമുന്നണി ബി.ജെ.പി യെ ഒരു ശക്തിയായി കാണുന്നതേയില്ല. കഴിഞ്ഞ തവണ എങ്ങനെയോ ചില വാർഡുകളിൽ ജയിച്ചുപോയി. ഇക്കുറി ആ സീറ്റുകളും നിലനിറുത്താൻ സാധിക്കില്ല. ബി.ജെ.പിയെ ഞങ്ങൾ ഗൗനിക്കുന്നതേയില്ല.