കോഴിക്കോട്: പണമില്ലെന്ന കാരണത്താൽ വിദ്യാർത്ഥികളെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റി നിറുത്തരുതെന്ന് പാരന്റ് കോർഡിനേഷൻ ഒഫ് മെഡിക്കൽ സ്റ്റുഡന്റ് (പി.സി.ഒ.എം.എസ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന വിധത്തിലുള്ള ഫീസ് വർധനയും നീതി രഹിതമായ ബാങ്ക് ഗ്യാരണ്ടിയുമാണ് നിലനിൽക്കുന്നത്. കൺസൾട്ൻസി അതോറിറ്റിയായ എ.ആൻഡ് എഫ്.ആർ സിയുടെ ഫീസ് നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കോളേജുകൾക്ക് മാത്രം അഫിലിയേഷനും അംഗീകാരവും നൽകുകയും മറ്റ് കോളേജുകളുടെ അംഗീകാരം റദ്ദ് ചെയ്യാനും സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കെ. സന്തോഷ്, അബ്ദുൾ കരീം, ഉസ്മാൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.