the
ക​ൽ​പ്പ​റ്റ​യി​ലെ​ ​അ​ന​ന്ത​വീ​ര​ ​തി​യ​റ്റ​ർ കാടുകയറി​യ നി​ലയി​ൽ

കൽപറ്റ: പത്തു മാസത്തോളമായി വരുമാനം ഇല്ലാതെ നഗരത്തിലെ തിയറ്റർ തൊഴിലാളികൾ. നിത്യച്ചെലവിനുള്ള തുക പോലും തൊഴിലാളികൾക്ക് നൽകാൻ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല. ജീവിത പ്രയാസങ്ങളെക്കുറിച്ചു പറയുമ്പോൾ തിയറ്റർ തുറക്കെട്ടെ എന്ന നിലപാടിലാണ് തിയേറ്റർ ഉടമകൾ.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച തിയറ്റർ ഇനി എന്നു തുറക്കും എന്ന അനിശ്ചിതത്വം തൊഴിലാളികളെ അലട്ടുകയാണ്.
കൽപ്പറ്റ നഗരത്തിലെ അനന്തവീര തിയറ്ററിൽ ഇപ്പോൾ മാനേജരും ഓപ്പറേറ്ററും ഗെയ്റ്റ് സ്റ്റാഫും അടക്കം മൂന്നു ജീവനക്കാർ മാത്രമാണുള്ളത്. ഏതാനും വർഷങ്ങൾ മുമ്പുവരെ ഒമ്പത് ജീവനക്കാർ ഉണ്ടായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ഫോറൻസിക് എന്ന സിനിമയുടെ പ്രദർശനം നടന്നുവരുന്നതിനിടെയാണ് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റു തിയറ്ററുകൾക്കൊപ്പം അനന്തവീരയും അടച്ചത്. മാർച്ചിൽ തിയറ്റർ പ്രവർത്തിച്ച 10 ദിവസത്തെ വേതനമാണ് തൊഴിലാളികൾക്ക് ഏറ്റവും ഒടുവിൽ കിട്ടിയത്. പിന്നീട് മാസങ്ങളോളം വരുമാനം ഇല്ലാതെവന്ന തൊഴിലാളികൾ സമീപിച്ചപ്പോൾ മാനേജ്‌മെന്റ് കൈമലർത്തി. ഗത്യന്തരമില്ലാതെ തൊഴിലാളികൾ യൂനിയൻ വഴി ലേബർ ഓഫീസർക്കു നൽകിയ പരാതിയും വെറുതെയായി. പ്രശ്നപരിഹാരത്തിന് ഇടപെടാൻപോലും ലേബർ ഓഫീസർ തയ്യാറായില്ലെന്ന് തൊഴിലാളികൾ പറയുന്നു.
തിയറ്റർ അടഞ്ഞുകിടക്കുന്നതുമൂലം ഉടമ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് തൊഴിലാളികൾക്കു തികഞ്ഞ ബോധ്യമുണ്ട്.അതിനാൽത്തന്നെ കുടുംബം പട്ടിണിയാകാതിരിക്കുന്നതിനുള്ള വക മാത്രമാണ് അവർ മാനേജ്‌മെന്റിൽനിന്നു പ്രതീക്ഷിച്ചത്. മറ്റുള്ളവരുടെ സഹായത്തിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് തൊഴിലാളികൾ.

കാടുകയറുകയാണ് തിയറ്റർ വളപ്പ്. തങ്ങളുടെ ജീവിതവും കാടുപിടിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
നഗരത്തിൽ വിജയ,ജൈത്ര,അനന്തവീര,മഹാവീര എന്നിങ്ങനെ നാലു തിയറ്റുകളാണ് ഉണ്ടായിരുന്നത്.ഇതിൽ വിജയ എന്നേക്കുമായി അടച്ചു.നവീകരണത്തിനായി കോവിഡ്കാലം തുടങ്ങുന്നതിനു മുമ്പേ ജൈത്രയും പൂട്ടി.അന്തവീരയിലും മഹാവീരയിലും മാത്രമാണ് പ്രദർശനം ഉണ്ടായിരുന്നത്.