സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ പരിധിയിലെ രണ്ട് ഡിവിഷനുകളിൽ വോട്ടർമാരെ കാണാൻ ഇറങ്ങുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം കയ്യിൽ വടിയോ മറ്റെന്തെങ്കിലും ആയുധമോ കരുതണമെന്ന് വോട്ടർമാരുടെ അഭ്യർത്ഥന.
ബത്തേരി നഗരസഭ പരിധിയിലെ പൂതിക്കാട്, മന്തൻകൊല്ലി ഡിവിഷനുകളിലെ വോട്ടർമാരാണ് സ്ഥാനാർത്ഥികളോടും അവരോടൊപ്പം വരുന്ന പ്രവർത്തകരോടും ഈ അഭ്യർത്ഥന നടത്തുന്നത്. വരുന്നവരുടെ രക്ഷയ്ക്കായിട്ടാണ് ആളുകളുടെ ഈ അഭ്യർത്ഥന.
ബീനാച്ചി മന്തംകൊല്ലി പ്രദേശത്ത് കഴിഞ്ഞ ദിവസം വീണ്ടും കടുവ ഇറങ്ങി ജനങ്ങൾക്ക് ഭീഷണിയായതോടെയാണ് ആളുകളുടെ മുന്നറിയിപ്പ്.
ദിവസങ്ങൾക്ക് മുമ്പ് പൂതിക്കാട്, ബീനാച്ചി, മന്തൻകൊല്ലി ഭാഗങ്ങളിലായി കടുവയിറങ്ങിയിരുന്നു. ഇവയെ വനപാലകർ വനത്തിലേക്ക് തന്നെ തിരികെ കയറ്റിവിട്ടെങ്കിലും വീണ്ടും കഴിഞ്ഞ ദിവസം കടുവയുടെ സാന്നിദ്ധ്യം പ്രദേശത്ത് കണ്ടതോടെയാണ് ആളുകൾ ഭീതിയിലായത്.
എന്തായാലും അഭ്യർത്ഥന മാനിച്ചിട്ടോ ജീവനിൽ ഭയന്നിട്ടോ അളുകൾ കയ്യിൽ ഒരു വടിയെങ്കിലും കരുതാൻ തുടങ്ങി. പട്ടി വന്നാലും ഓടിക്കാമല്ലോ എന്നാണ് പറയുന്നത്. കടുവ പേടി കാരണം സന്ധ്യ മയങ്ങിയാൽ ഇപ്പോൾ ആരും ഇവിടെ പുറത്തിറങ്ങാറില്ല.