സുൽത്താൻ ബത്തേരി: ദേശീയപാതയോട് ചേർന്ന് ബത്തേരി ബീനാച്ചിക്കടുത്ത പൂതിക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്നലെ വീണ്ടും കടുവയിറങ്ങി. കടുവശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞു വെച്ചു. പിന്നീട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന്റെ നേതൃത്വത്തിൽ നാട്ടുകാരുമായി നടത്തിയ ചർച്ചയെതുടർന്ന് കടുവ ശല്യത്തിന് ശാശ്വത പരിഹാരം കാണാമെന്ന ഉറപ്പിൻമേൽ വനപാലകരെ വിട്ടയച്ചു.
കടുവയെ കണ്ടെത്തിയ പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനും കൂടുതൽ വനപാലകരെ പ്രദേശത്ത് കാവലിനായി നിയോഗിക്കാമെന്നും വനം വകുപ്പ് ഉറപ്പ് നൽകി.
പൂതിക്കാട് ചെരുമുല്ല ഡേവിയുടെ കൃഷിയിടത്തിലാണ് ഇന്നലെ കടുവയുടെ സാന്നിദ്ധ്യം കാണപ്പെട്ടത്. തോട്ടത്തിലെ കാട് വെട്ടുന്നതിനിടെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ മംസാവശിഷ്ടങ്ങൾ പാതി ഭക്ഷിച്ച നിലയിൽ കാണുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയാണ് പന്നിയെ കൊന്നതെന്ന് സ്ഥിരികരിച്ചു.
രണ്ടാഴ്ച മുമ്പ് ഒരു കടുവയേയും രണ്ട് കുട്ടികളെയും ഇതേ ഭാഗത്ത് കണ്ടെത്തിയിരുന്നു. വിവിധ റെയിഞ്ചുകളിൽ നിന്നുള്ള വനപാലക സംഘം മണിക്കൂറുകൾ പ്രയത്നിച്ച് ഇവയെ ബീനാച്ചി എസ്റ്റേറ്റിലെ വനസമാനമായ പ്രദേശത്തേക്ക് കയറ്റിവിട്ടു.
പൂതിക്കാട്, ബീനാച്ചി, കട്ടയാട്, ബീനാച്ചി സ്‌കൂൾ കുന്ന്, മന്തംകൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുവ ശല്യം രൂക്ഷമായി തുടരുകയാണ്. കടുവയെ കൂട് വെച്ചോ മയക്കുവെടിവെച്ചോ പിടികൂടി ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.