കോഴിക്കോട് : ഇടതുപക്ഷ - ഐക്യജനാധിപത്യ മുന്നണികളും എൻ.ഡി.എ യും രാഷ്ട്രീയ പോരാട്ടത്തിന് മൂർച്ച കൂട്ടുമ്പോൾ ഇത്തവണ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും.
അറുപതിനായിരത്തിലേറെ പ്രവാസികളാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തിരിച്ചെത്തിയത്. ഇതിൽ ബഹുഭൂരിപക്ഷം പേരും തിരിച്ചുപോയിട്ടില്ല.
വടകര, നാദാപുരം, കുറ്ര്യാടി, കോഴിക്കോട് കോർപ്പറേഷൻ, കൊടുവള്ളി ബേപ്പൂർ, കുന്ദമംഗലം എന്നിവടങ്ങളിലെല്ലാം പ്രവാസിളുടെ വോട്ട് നിർണായകമായി മാറും. ഇത് തിരിച്ചറിഞ്ഞുള്ള പ്രചാരണ തന്ത്രം മെനയുകയാണ് മുന്നണികൾ.
പ്രവാസി വോട്ടുകൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഇടതുപക്ഷ - ഐക്യജനാധിപത്യ മുന്നണികൾ ഒരു പോലെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വോട്ട് ശതമാനത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. നോർക്ക വഴിയുള്ള പ്രവർത്തനങ്ങളും ധനസഹായവും ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പ്രവാസി ക്ഷേമത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെലുകളുണ്ടായിട്ടില്ലെന്ന ആരോപണമാണ് ഐക്യജനാധിപത്യ മുന്നണി നേതാക്കളുടേത്. പ്രവാസികളെ പരമാവധി വലയ്ക്കുന്ന സമീപനമായിരുന്നു സർക്കാരിന്റേതെന്നും അവർ ആരോപിക്കുന്നു. ലീഗ് - കോൺഗ്രസ് ആഭിമുഖ്യമുള്ള പ്രവാസി സംഘടനകൾ നടത്തിയ ഇടപെടലുകൾ സാധാരണക്കാരെ ഏറെ തുണച്ചിട്ടുണ്ടെന്നതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷയത്രയും. അതേസമയം, വന്ദേ ഭാരത് ദൗത്യം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ മുൻനിറുത്തിയുള്ള പ്രചാരണത്തിന് ഊന്നൽ നൽകിയാണ് എൻ.ഡി.എ യുടെ നീക്കം.
തൊഴിൽ നഷ്ടപ്പെട്ടും തിരിച്ചു പോകാൻ സാധിക്കാതെയും നിരവധി പ്രവാസികൾ ദുരിതത്തിലാണ്. ദീർഘകാല പദ്ധതികളിലൂടെ ജീവനോപാധി ഉറപ്പാക്കണമെന്ന ആവശ്യമാണ് വിവിധ പ്രവാസി കൂട്ടായ്മകൾ ഉയർത്തുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം ഇതുവരെ ജില്ലയിൽ തിരിച്ചെത്തിയത് 61,441 പ്രവാസികളാണ്. കുടംബാംഗങ്ങളുടെ എണ്ണം കൂടിയാവുമ്പോൾ മിക്കയിടത്തും ഈ വോട്ടുകൾ ഫലം നിർണയിക്കുന്ന രീതിയിലേക്ക് മാറാം. അതുകൊണ്ടു തന്നെ മുന്നണികൾക്ക് ഇവരുടെ ആവശ്യങ്ങൾ മുൻഗണനാ ലിസ്റ്റിൽ പെടുത്താതിരിക്കാനാവില്ല.