മുക്കം: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി - താമരശ്ശേരി - മുക്കം -അരീക്കോട് - എടവണ്ണ സംസ്ഥാനപാത പുനർനിർമ്മാണത്തിനുള്ള ടെൻഡർ നടപടി പൂർത്തിയായി. കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെ 51. 02 കിലോ മീറ്റർ ദൈർഘ്യമുള്ള റീച്ചാണിത്. കൊയിലാണ്ടി - പൂനൂർ, പൂനൂർ - ഓമശ്ശേരി, ഓമശ്ശേരി - എരഞ്ഞിമാവ് എന്നീ മൂന്നു റീച്ചുകളുടെ നിർമ്മാണത്തിന് 222 കോടി രൂപയുടെ കരാർ തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീധന്യ കൺസ്ട്രക്‌ഷൻസിനാണ് ലഭിച്ചത്. പങ്കെടുത്തു. ഒന്നര വർഷമാണ് പദ്ധതിയുടെ നിർമ്മാണ കാലയളവ്. മലപ്പുറം ജില്ലയുടെ ഭാഗമായ റീച്ച് നേരത്തെ 160 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തതിനു പിറകെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.

ആവശ്യമായ വീതി ലഭ്യമായ ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേയുമായി അത്യാധുനിക രീതിയിലാണ് റോഡിന്റെ പുനർനിർമ്മാണം. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണവും മെയിന്റനൻസും ഡ്രെയ്‌നേജുകൾ, ടൈൽ വിരിച്ച് ഹാൻഡ് റെയിലോടു കൂടിയ നടപ്പാതകൾ, പ്രധാന ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി മെയ്യപ്പെട്ട സംവിധാനത്തോടെയാണ് റോഡ് നവീകരിക്കുക. ദേശീയാടിസ്ഥാനത്തിലുള്ള ടെൻഡറിൽ ശ്രീധന്യയ്ക്കു പുറമെ, യു.എൽ.സി.സി.എസ്, ഇ.പി.ഐ, ചെറിയാൻ വർക്കി തുടങ്ങിയ സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു.