കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ അനർഹരായ നാലു സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ച റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് എൽ.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവരുടെ പത്രിക സ്വീകരിക്കരുതെന്ന് സൂക്ഷ്മപരിശോധന സമയത്ത് എൽ.ഡി.എഫ് ആവശ്യപ്പെട്ടതായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഇവർ മുമ്പ് മെമ്പർമാരായിരുന്നപ്പോൾ ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് പഞ്ചായത്തിലേക്ക് പണം തിരിച്ചടക്കാൻ നോട്ടീസ് ലഭിച്ചവരാണ്. നോട്ടീസിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിൽ ഇവർക്ക് ബാദ്ധ്യത നിലനിൽക്കുന്നുവെന്നിരിക്കെ പത്രിക സ്വീകരിക്കുന്നത് അന്യായമാണ്. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജനാർദ്ദനൻ കളരിക്കണ്ടി, കൺവീനർ എം.കെ.മോഹൻദാസ്, പി.അശ്റഫ് ഹാജി, വി.അനിൽകുമാർ എന്നിവർ പറഞ്ഞു.

എന്നാൽ ഈ നാല് സ്ഥാനാർത്ഥികൾക്കെതിരെയുള്ള എൽ.ഡി.എഫ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇവരുടെ ബാദ്ധ്യത നടപടികൾ നിറുത്തിവെക്കണമെന്ന് കോടതി ഉത്തരവുള്ളതുകൊണ്ടാണ് പത്രിക സ്വീകരിച്ചത്.എൽ .ഡി .എഫ് അനാവശ്യമായി പുകമറ സൃഷ്ടിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കളായ ഖാലിദ് കിളിമുണ്ട, എം.പി.കേളുക്കുട്ടി, ഒ.ഉസൈൻ എന്നിവർ പറഞ്ഞു.