tank
കളരിക്കുന്ന് ജപ്പാൻ കുടിവെളള ടാങ്ക്‌

ചേളന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടും ചേളന്നൂരുകാർ കുടിവെള്ളം കിട്ടാതെ വലയുന്നു. അഞ്ച് വർഷം മുമ്പ് ചേളന്നൂർ പഞ്ചായത്തിൽ നിന്ന് കുടിവെള്ള കണക്ഷനുകൾക്ക് ലഭിച്ച ആയിരക്കണക്കിന് അപേക്ഷകൾ പരിഗണിച്ച് എല്ലാ ഭാഗത്തേക്കും പൈപ്പ് ഇടുകയും പണിപൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ എസ്.എൻ.ജി കോളേജിന് മുകളിൽ കളരിക്കുന്നിൽ സ്ഥാപിച്ച വാട്ടർ ടാങ്കിലേക്ക് 176 മീറ്റർ പൈപ്പിടാൻ പഞ്ചായത്ത് കാണിക്കുന്ന 'ദുർവാശി'യാണ് ചേളന്നൂരുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 800 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പോവുന്നത് കോഴിക്കോട് -ബാലുശ്ശേരി റോഡിലൂടെയാണ്. എന്നാൽ വർഷങ്ങളായി ചേളന്നൂരിലൂടെ പോവുന്ന വെള്ളം തലക്കുളത്തൂരും കോഴിക്കോട് കോർപ്പറേഷനിലുമൊക്കെ കിട്ടുമ്പോൾ ചുരുങ്ങിയ സ്ഥലത്ത് പൈപ്പിടാതെ ഇവിടുത്തുകാർക്ക് കുടിവെള്ളം നിഷേധിക്കുകയാണ്. ലോറിയിൽ വെള്ളം വിതരണം ചെയ്യുന്ന കരാറുകാരുടെ സമ്മർദ്ദം കാരണമാണ് പഞ്ചായത്ത് താത്പര്യം കാണിക്കാത്തതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിക്കുന്നു. കക്കോടി, കുരുവട്ടൂർ പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജപ്പാൻ പദ്ധതിയിൽ അലംഭാവം കാണിക്കുന്ന ചേളന്നൂർ ഗ്രാമപഞ്ചായത്തും സ്ഥലം എം.എൽ.എയും ജനങ്ങളോട് വിശദീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന സമിതിയംഗവുമായ കെ.ശശീന്ദ്രൻ മാസ്റ്റർ

ആവശ്യപ്പെട്ടു.