img20201123
തിരുവമ്പാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: നരേന്ദ്ര മോദി സർക്കാരിന്റെ വികസനനേട്ടങ്ങൾ അടുത്ത തിരഞ്ഞെടുപ്പോടെ കേരളം കൂടി പിടിക്കാൻ ബി.ജെ.പിയെ പര്യാപ്തമാക്കുമെന്ന് പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ. പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും നവാഗതർക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സഹായിച്ചു. പാവങ്ങളുടെ പടത്തലവൻ എന്നാണ് എ.കെ.ജി അറിയപ്പെട്ടിരുന്നതെങ്കിൽ കൊള്ളക്കാരുടെ പടത്തലവൻ എന്നാണ് പിണറായി അറിയപ്പെടുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് കടബാദ്ധ്യതയുടെ വികസനമാണ് നടക്കുന്നത്.

തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ കൺവീനർ മധു മൈക്കാവ്, ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ന്യൂനപക്ഷ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ സൈമൺ തോണക്കര, ജില്ലാ അദ്ധ്യക്ഷൻ ജോണി കുമ്പുളങ്കൽ, ബിനു അടുക്കാട്ടിൽ, ജോസ് വാലുമണ്ണേൽ എന്നിവർ സംസാരിച്ചു.