vote

കോഴിക്കോട്: അവസാനനിമിഷം വരെ കിണഞ്ഞു നോക്കിയിട്ടും വിമതരെ പൂർണമായി മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാനായില്ല മുന്നണികൾക്ക്. കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ വിമതരുടെ ഭീഷണിയുണ്ട്.

കുണ്ടൂപ്പറമ്പ് ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥി റീജയ്ക്കെതിരെ പാർട്ടി ബ്രാഞ്ച് അംഗം അനുഷ തുളസീന്ദ്രൻ മത്സരരംഗത്ത് തുടരുകയാണ്. കരുവിശ്ശേരി ഡിവിഷനിൽ പാറാടത്ത് സുരേന്ദ്രനാണ് മുൻ മേയർ എം. ഭാസ്‌കരന്റെ മകൻ വരുൺ ഭാസ്‌കറിന് വെല്ലുവിളിയുയർത്തുന്നത്. സി.പി.എം പ്രവർത്തകരിൽ നല്ലൊരു പങ്കും വിമതനെ പിന്തുണയ്ക്കുന്ന സാഹചര്യമാണ് ഇവിടെ.

ആഴ്ചവട്ടം ഡിവിഷനിൽ സിറ്റിംഗ് കൗൺസിലർ പി.പി. ഷഹീദ പത്രിക പിൻവലിച്ചത് സി.പി.എമ്മിന് ആശ്വാസമായി. എൽ.ജെ.ഡി യിലെ എൻ.സി മോയിൻകുട്ടിയാണ് ഇവിടെ മുന്നണി സ്ഥാനാർത്ഥി.

യു.ഡി.എഫിന് മൂന്ന് വിമതരുണ്ട്. പാളയത്ത് റഫീഖും ചേവായൂരിൽ പുഷ്പയും കാരപ്പറമ്പിൽ ഉദയകുമാറും കോൺഗ്രസിന് ഭീഷണിയാണ്. യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി കാണുന്ന ഡോ. പി.എൻ. അജിതയ്ക്കെതിരെയാണ് പുഷ്പയുടെ മത്സരം.

പുഞ്ചപ്പാടത്ത് അനിൽകുമാറും വലിയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ലബീബും പിന്മാറി. വലിയങ്ങാടിയിൽ ആർ.എം.പി.ഐ സ്ഥാനാർത്ഥി ഷുഹൈബിനെ യു.,ഡി.എഫ് പിന്തുണച്ചില്ല. കോർപ്പറേഷനിൽ 363 പേരാണ് ആകെ മത്സരരംഗത്തുള്ളത്.