കോഴിക്കോട്: പുതിയ കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഓൺലൈനിലേക്ക് വഴിമാറിയെങ്കിലും വലിയങ്ങാടിയിൽ ഇപ്പോഴുമുണ്ട് കാലത്തിന് മായ്ക്കാൻ കഴിയാത്ത ആ ചുമരെഴുത്തുകൾ. അന്നത്തെ രാഷ്ട്രീയവും ജീവിതവും ഇഴചേർന്ന ഓർമ്മകൾ ചരിത്രശേഷിപ്പുകളായി പുതിയ കാലത്തോട് സംവദിക്കുകയാണ്. അടിയന്തരാവസ്ഥയുടെ നാളുകൾ പിന്നിട്ട് 1977ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും പ്രചാരണങ്ങളും ചിഹ്നങ്ങളുമാണ് ചുമരുകളിൽ മായാതെ നിൽക്കുന്നത്. ഗണ്ണി സ്ട്രീറ്റ് മുതൽ പട്ടുതെരുവ് വരെയുള്ള കെട്ടിടങ്ങളിലുണ്ട ഈ അടയാളങ്ങൾ. കലപ്പയേന്തിയ കർഷകൻ, അരിവാൾ ചുറ്റിക, പശുവും കിടാവും തുടങ്ങി പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളെല്ലാം ചുമരുകളിലുണ്ട്. വലിയങ്ങാടിയിലെ കെട്ടിടങ്ങൾക്കുളളിൽ പ്രവർത്തിച്ചിരുന്ന കൊപ്ര കടകളിൽ നിന്ന് കൊണ്ടുവരുന്ന ഏണികളിൽ കയറി നിന്നാണ് അക്കാലത്ത് ചുമരെഴുത്ത് നടത്തിയിരുന്നത്. കെട്ടിടങ്ങളുടെ ഉയരത്തിൽ എഴുതിയ പ്രചാരണ വാചകങ്ങൾ പിൽക്കാലത്ത് മായ്ച്ച് കളയാൻ ആരും ശ്രമിച്ചില്ല. ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും കൊട്ടിക്കയറുന്ന പ്രചാരണം പുതിയ കാലത്തെ അടയാളപ്പെടുത്തുമ്പോൾ മഴയും വെയിലുമേറ്റിട്ടും മങ്ങാതെ നിൽക്കുകയാണ് തലമുറകൾക്ക് കരുത്തേകി ഈ എഴുത്തുകൾ .
''1977ൽ നടന്ന തിരഞ്ഞെടുപ്പിന്റെ ചുമരെഴുത്തുകളാണ് അതെല്ലാം എന്ന കേട്ടിട്ടുണ്ട്. 2000ത്തിലാണ് കടയെടുത്ത് ഇങ്ങോട്ട് മാറിയത്. അന്ന് മുതൽ കാണുന്നതാണ്. മുകളിലായതുകൊണ്ട് മായ്ക്കാൻ ശ്രമിച്ചിട്ടില്ല. കാലത്തിന്റെ ഓർമ്മപോലെ അത് അവിടെ കിടന്നോട്ടെ'- മുഹമ്മദ്, കച്ചവടക്കാരൻ.