കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലാണ് ജില്ലയിലെ ഏക ഭാഷാ ന്യൂനപക്ഷ വാർഡുള്ളത്. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ കൈതക്കൊല്ലിയിൽ പ്രത്യേക സജ്ജീകരണങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്.
ഇവിടെ 22 ശതമാനം പേർ തമിഴ് ഭാഷയാണ് ഉപയോഗിക്കുന്നത്. അതിനാൽ വാർഡിലെ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമേ തമിഴിലും വിവരങ്ങൾ രേഖപ്പെടുത്തും.
1964 ൽ ഇന്ത്യ- ശ്രീലങ്ക കരാറിന്റെ ഭാഗമായി രാജ്യത്തെത്തിയ 6 ലക്ഷം അഭയാർത്ഥികളിൽ നൂറിലധികം കുടുംബങ്ങളാണ് കൈതക്കൊല്ലി വാർഡിലെ കമ്പമലയിലുള്ളത്. കമ്പമലയിലെ വനവികസന കോർപ്പറേഷന്റെ തേയില തോട്ടത്തിലാണ് തമിഴ് വംശജരായ ശ്രീലങ്കൻ അഭയാർത്ഥികളെ പുനരധിവസിപ്പിച്ചത്. വംശീയ അതിക്രമങ്ങൾ കാരണം ജില്ലയിലെത്തിയ ഇവർ തോട്ടം തൊഴിൽ ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്.