flower
ആവളയിലെ പായൽപൂക്കൾ

പേരാമ്പ്ര: കണ്ണിനും മനസിനും കുളിരേകി വിരിഞ്ഞു നിന്നാടുകയാണ് ആവള കുറ്റിയോട്ട് നട തോട്ടിൽ പായൽപൂക്കൾ. മുള്ളൻപായൽ എന്ന പ്രത്യേകയിനം ജല സസ്യമാണ് കഴിഞ്ഞ ദിവസം കുറ്റിയോട്ട് നട തോട്ടിലെ ജലപ്പരപ്പിൽ പൂവിട്ടത് . തോട്ടിൽ അര കിലോമീറ്ററോളം ദൂരത്തിൽ പായൽ പൂവിട്ടു നിൽക്കുന്ന കഴ്ച ആരെയും ആനന്ദിപ്പിക്കും. ഇളം വയലറ്റ് നിറത്തിലുള്ള പൂക്കൾ കാമറയിൽ പകർത്തുവാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. സോഷ്യൽ മീഡിയയിൽ അപൂർവ കാഴ്ച വൈറലായതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മധ്യാഹ്നത്തിലാണ് പൂർണ സൗന്ദര്യം പ്രസരിപ്പിച്ച് പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഈ സമയത്ത് കാഴ്ചക്കാരുടെ എണ്ണവും കൂടുകയാണ് . ദൂരദേശത്തു നിന്ന് പോലും ആളുകൾ ഇവിടെയെത്തുന്നതായി പരിസരവാസികൾ പറഞ്ഞു . ജില്ലയിലെ പ്രമുഖ നെല്ലറയായ ആവള പാണ്ടി മറ്റൊരു ചരിത്രം കൂടി എഴുതുകയാണ്.