കോഴിക്കോട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ പതിയെ തുടങ്ങിയ രാഷ്ട്രീയ പോരാട്ടം തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ നഗരത്തിൽ ശക്തമായി. സ്ഥാനാർത്ഥി നിർണയത്തിലുള്ള അസ്വാരസ്യങ്ങൾ പറഞ്ഞ് തീർത്തും തീരാത്ത പ്രതിസന്ധികളെ തിരഞ്ഞെടുപ്പ് ഗോഥയിൽ നേരിടാനുറച്ചുമാണ് മുന്നണികൾ പ്രവർത്തനം ശക്തമാക്കിയത്. 45 വർഷമായി വിട്ടുകൊടുക്കാത്ത കോർപ്പറേഷൻ ഭരണം വീണ്ടും ഉറപ്പിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രചാരണം. കഴിഞ്ഞ തവണ ഉണ്ടാക്കിയ മികച്ച നേട്ടം ഇരട്ടിയോളമാക്കി ഉയർത്തുകയാണ് ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ലക്ഷ്യം.
തുടർ ഭരണത്തിനായി എൽ.ഡി.എഫ്
എക്കാലവും ഒപ്പം നിന്ന നഗരത്തിലെ വോട്ടർമാർ ഇത്തവണയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ ഭരണകാലത്തെ വികസന നേട്ടങ്ങൾ വോട്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച സാധ്യമാകുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. പ്രളയകാലത്തെ പ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഉയർത്തിക്കാണിച്ചാണ് പ്രചാരണം.
എൽ.ജെ.ഡി ഇടതുമുന്നണിൽ തിരിച്ചെത്തിയത് രാഷ്ട്രീയ നേട്ടമായി കാണുന്നു. കുണ്ടുപ്പറമ്പിലെയും കരുവശേരിയിലെയും വിമത പ്രവർത്തനങ്ങൾ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും ആദ്യഘട്ട പ്രചാരണത്തിലും നേടിയ മുൻതൂക്കം തുടരാനുള്ള ശ്രമമാണ് നടത്തുന്നത്. യുവാക്കളും പരിചയസമ്പന്നരും ഉൾപ്പെടുന്നതാണ് ഇടതുപക്ഷ സ്ഥാനാർത്ഥി നിര.
കോട്ടൂളി ഡിവിഷനിൽ മത്സരിക്കുന്ന ഡോ.എസ് ജയശ്രീ, പൊറ്രമ്മൽ ഡിവിഷനിൽ മത്സരിക്കുന്ന ഡോ. ബീന ഫിലിപ്പ് എന്നിവരെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
തിരിച്ചുവരവിന് യു.ഡി.എഫ്
കഴിഞ്ഞ തവണത്തെ വൻ തിരിച്ചടിയിൽ ദുർബലമായ യു.ഡി.എഫിന് ഇത്തവണ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വൻമുന്നറ്രമാണ് യു.ഡി.എഫിന് പ്രതീക്ഷയേകുന്ന ഘടകം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളും കോർപ്പറേഷനിലെ വികസന മുരടിപ്പുമാണ് പ്രധാന പ്രചാരണ ആയുധം. വിമതരും പ്രാദേശിക സംഘടന ദൗർഭല്യവുമാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. കോൺഗ്രസിനാണ് ഇക്കാര്യത്തിൽ കൂടുതൽ തിരിച്ചടി. ലീഗ് കോട്ടകളിലും പ്രാദേശിക പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ തവണ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച എൽ.ജെ.ഡിയുടെ മുന്നണി മാറ്റം യു.ഡി.എഫിന് തിരിച്ചടിയാണ്. മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ചേവായൂരിൽ മത്സരിക്കുന്ന ഡോ. പി.എൻ. അജിതയ്ക്കെതിരായ വിമത നീക്കം യു.ഡി.എഫിന് തിരിച്ചടിയാണ്. പരിചയ സമ്പന്നയും കോർപ്പറേഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ചുമതല വഹിക്കുകയും ചെയ്ത മഹിള കോൺഗ്രസ് ജില്ല അദ്ധ്യക്ഷയായ ചാലപ്പുറം ഡിവിഷനിലെ സ്ഥാനാർത്ഥി പി. ഉഷാദേവിയ്ക്ക് പകരം പുതുമുഖമായ പി.എൻ. അജിതയെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്നതിൽ വലിയ പ്രതിഷേധം കോൺഗ്രസിൽ ഉണ്ട്.
സീറ്ര് ഇരട്ടിയാക്കാൻ എൻ.ഡി.എ
ഏഴ് സീറ്റ് നേടുകയും ഏഴ് സീറ്രിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത് 2015ൽ മികച്ച നേട്ടം സ്വന്തമാക്കിയ എൻ.ഡി.എ വലിയ പ്രതീക്ഷയോടെയാണ് മത്സര രംഗത്തുള്ളത്. നിലവിലെ കൗൺസിലർമാരുടെ മികച്ച പ്രകടനവും കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിലൂടെ കോർപ്പറേഷനിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും പി.എം.എ.വൈ പദ്ധതിയുമെല്ലാമാണ് ബി.ജെ.പിയുടെ പ്രചാരണ ആയുധം. സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളും കോർപ്പറേഷനിലെ അഴിമതിയും അവർ ഉയർത്തിക്കാട്ടുന്നു. ശബരിമല ഭക്തരുടെ രോഷവും നിലനിൽക്കുന്നുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. നിലവിലെ കൗൺസിലർമാരിൽ അഞ്ച് പേരും മത്സര രംഗത്തുണ്ട്.
സംവരണത്തെ തുടർന്ന് കൗൺസിലർമാരുടെ ഡിവിഷൻ മാറ്റമാണ് ബി.ജെ.പി നേരിടുന്ന വെല്ലുവിളി. ഇക്കാര്യത്തിൽ നേതാക്കൾക്ക് ആശങ്കയുണ്ട്. പ്രചാരണ രംഗത്ത് വലിയ ഓളം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം വോട്ടാക്കി മാറുമെന്ന കാര്യത്തിലാണ് മുന്നണിയ്ക്കുള്ളിൽ ആശങ്ക. കാരപ്പറമ്പ് ഡിവിഷനിൽ മത്സരിക്കുന്ന സിറ്രിംഗ് കൗൺസിലർ നവ്യ ഹരിദാസിനെയാണ് മേയർ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുന്നത്.